മലപ്പുറം: ഓണ്‍ലൈന്‍ പഠന സഹായമൊരുക്കുന്നതിനു സഹകരണവകുപ്പാരംഭിച്ച വിദ്യാതരംഗിണി വായ്പയുടെ പരിധി അഞ്ചുലക്ഷത്തില്‍നിന്നു പത്തുലക്ഷം രൂപയാക്കി. മൊബൈല്‍ ഫോണില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കാനാരംഭിച്ചതാണ് വിദ്യാതരംഗിണി. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കുന്ന ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 10,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുക.

സഹകരണ സംഘങ്ങളിലെ എ, ബി ക്ലാസ് അംഗങ്ങള്‍ക്കായിരുന്നു അര്‍ഹത. ഇനി സി ക്ലാസ് അംഗങ്ങള്‍ക്കും വായ്പ ലഭിക്കും. താത്കാലികമായി അനുവദിക്കുന്ന അംഗത്വമാണ് സി ക്ലാസ്. ഇവര്‍ക്ക് വോട്ടവകാശമോ ലാഭവിഹിതമോ ഒന്നും ലഭിക്കില്ല.

പലിശയും ജാമ്യവുമില്ലാതെ പത്തുലക്ഷം രൂപ വിനിയോഗിക്കാന്‍ ഉത്തരവിറങ്ങിയതോടെ സഹകരണസംഘങ്ങളും അര്‍ഹരായ കുട്ടികളെ കണ്ടെത്തേണ്ട ചുമതലയുള്ള വിദ്യാലയങ്ങളും ധര്‍മ്മസങ്കടത്തിലായി. അര്‍ഹരെ കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതാണ് ബാങ്കുകളുടെ പ്രതിസന്ധി. റിസ്‌ക് ഫണ്ട് പരിരക്ഷയും ഈ വായ്പക്കില്ല. സി ക്ലാസംഗങ്ങള്‍ക്കും നല്‍കാമെന്നായതോടെ ആര്‍ക്കും വായ്പ നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. സാക്ഷ്യപത്രം ചോദിച്ചെത്തുന്നവര്‍ക്കെല്ലാം അതു കൊടുക്കേണ്ടിവരുന്നുവെന്നതാണ് സ്‌കൂളധികൃതരെ വിഷമിപ്പിക്കുന്നത്.

Contetnt Highlights: vidhya tarangini loan