തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകള്‍ ഘട്ടംഘട്ടമാക്കാന്‍ ആലോചന. ഒരുഘട്ടത്തില്‍ പരീക്ഷ എഴുതാനാകാത്തവര്‍ക്ക് രണ്ടാമതും പരീക്ഷ നടത്തും. പുതിയ അക്കാദമികവര്‍ഷം സംബന്ധിച്ച് യു.ജി.സി. നിര്‍ദേശങ്ങള്‍ വന്നതിനുപിന്നാലെയാണ് വിവിധ സര്‍വകലാശാലകള്‍ ഇത്തരത്തില്‍ ആലോചിക്കുന്നുത്.

അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ് അവസാനത്തോടെ തീര്‍ത്ത് ഓഗസ്റ്റില്‍ത്തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ആലോചന. കാമ്പസ് സെലക്ഷന്‍ ലഭിച്ച കുട്ടികള്‍ക്ക് ഓഗസ്റ്റ് പകുതിയോടെയെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനാണ് ശ്രമം.

ഘട്ടംഘട്ടമായും മേഖലാടിസ്ഥാനത്തിലും പരീക്ഷ നടത്താമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ആദ്യം പരീക്ഷ നടത്തുക. അല്ലാത്തവര്‍ക്ക് പിന്നീടും. അങ്ങനെയായാല്‍ രണ്ടാമതുനടത്തുന്ന റെഡ്‌സോണിലും ഹോട്സ്‌പോട്ടിലുമുള്ള കുട്ടികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കും രാജ്യത്തിന് പുറത്തുകുടുങ്ങിയ എന്‍.ആര്‍.ഐ. വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാനാകുമെന്നും കരുതുന്നു. ചോദ്യപ്പേപ്പര്‍ ബാങ്ക് ഉള്ളതിനാല്‍ ഇത് ബുദ്ധിമുട്ടാകില്ലെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. കേരള സര്‍വകലാശാല ഉള്‍പ്പെടെ കോളേജുകളെ മേഖലകളായി തിരിച്ച് പരീക്ഷ നടത്തുന്നതിന്റെ പ്രായോഗികതയും പരിശോധിക്കുന്നുണ്ട്.

സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നിലവില്‍ 60 ശതമാനം സിലബസ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ആദ്യ ഇന്റേണല്‍ പരീക്ഷ നടക്കാനുമുണ്ട്. ലോക്ഡൗണ്‍ കഴിഞ്ഞ് കുറച്ചു ക്ലാസുകള്‍ പൂര്‍ത്തിയാക്കിയിട്ട് പരീക്ഷ നടത്തിയാല്‍ മതിയെന്ന് ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായമുന്നയിക്കുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ നീട്ടിയതോടെ ഇത് പ്രായോഗികമല്ലാതായി. ഇതിനിടെ യു.ജി.സി. മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുകയും എല്ലാ സാങ്കേതിക സര്‍വകലാശാലകളും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും യു.ജി.സി. മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ എ.ഐ.സി.ടി.ഇ. നിര്‍ദേശിക്കുകയും ചെയ്തതോടെ വീണ്ടും ക്ലാസ് എന്ന ആലോചന ഉപേക്ഷിക്കുകയുംചെയ്തു.

ഐ.ഐ.ടി., എന്‍.ഐ.ടി. എന്നിവിടങ്ങളിലും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമൊക്കെ പുതിയ ക്ലാസ് സെപ്റ്റംബര്‍ ഒന്നിനും 15-നും ഇടയ്ക്ക് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് കേളരത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചാലേ സംസ്ഥാനത്തിന് പുറത്തുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അവസരം ലഭിക്കൂ. ഇക്കാര്യംകൂടി കണക്കിലെടുത്താണ് ഘട്ടം ഘട്ടമായും മേഖലാടിസ്ഥാനത്തിലും പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കുന്നത്. യു.ജി.സി. നിര്‍ദേശത്തിലുള്ള വെക്കേഷന്‍ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിച്ചാകും ഇത് പൂര്‍ത്തിയാക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു.

Content Highlights: University Exams will be conducted step by step, Covid-19, Lockdown, Corona Outbreak, UGC