ന്യൂഡല്‍ഹി: അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ 2020-'21 അധ്യയനവര്‍ഷം പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയോ സാധാരണപോലെയോ നടത്താമെന്ന് യു.ജി.സി. പരീക്ഷാസമയം മൂന്നു മണിക്കൂറില്‍നിന്ന് രണ്ടുമണിക്കൂറായി കുറയ്ക്കാം. അവസാന സെമസ്റ്റര്‍ ഒഴിച്ചുള്ള മറ്റ് സെമസ്റ്ററുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ വിലയിരുത്തലിന്റെ അടസ്ഥാനത്തില്‍ ഗ്രേഡ് നല്‍കാം. 

കോവിഡ് പ്രതിസന്ധി മാറിയ സംസ്ഥാനങ്ങളില്‍ ജൂലായില്‍ത്തന്നെ പരീക്ഷ നടത്താം. അടച്ചിടല്‍കാലം വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയതായി കണക്കാക്കണം. ആവശ്യമെങ്കില്‍ ജൂണില്‍ 30 ദിവസംവരെ അവധി നല്‍കാം. എം.ഫില്‍, പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് ആറുമാസം അധികസമയം നല്‍കാം. 

വാചാപരീക്ഷ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണം. സര്‍വകലാശാലകളില്‍ കോവിഡ്-19 സെല്‍ രൂപവത്കരിക്കണം. അക്കാദമിക കലണ്ടര്‍, പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെല്ലിന് അധികാരമുണ്ടായിരിക്കും.

Content Highlights: University exams can be conducted online, says UGC, Lockdown, Covid-19