തൃശ്ശൂർ: കേരളത്തിന് പുറത്തുള്ള സർവകലാശാലകൾ ബിരുദപരീക്ഷകൾ ഓൺലൈനിൽ നടത്തി, ഉന്നതപഠനത്തിനുള്ള നടപടികളിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ സർവകലാശാലകളിൽ പരീക്ഷകൾ വൈകുന്നത്, ഇവിടെനിന്നുള്ള കുട്ടികൾക്ക് കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ഉന്നതപഠനത്തിനുള്ള അവസരം ഇല്ലാതാക്കിയേക്കും.

രാജ്യത്ത് 100 സർവകലാശാലകളാണ് ഓൺലൈനിൽ ബിരുദപരീക്ഷകൾ നടത്തുന്നത്. ഡൽഹി, ഹൈദരാബാദ്, മദ്രാസ് തുടങ്ങിയ മുൻനിര സർവകലാശാലകളിൽ പി.ജി. കോഴ്സുകളടക്കം ഓൺലൈനിലേക്ക് മാറിക്കഴിഞ്ഞു. കേരളത്തിൽ ഒരു സർവകലാശാലയും ഓൺലൈൻ പരീക്ഷ നടത്തുന്നില്ല.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ജൂൺ 28-നാണ് അവസാനവർഷ ബിരുദപരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ലോക്ഡൗൺ നീട്ടിയാൽ പരീക്ഷകൾ പിന്നെയും നീളും.

ഒരുമാസം കൊണ്ടാണ് സംസ്ഥാനത്തെ പരീക്ഷകൾ തീരുക. ജൂലായ് അവസാനത്തോടെ പരീക്ഷകൾ തീർന്നാലും മൂല്യനിർണയം നടത്തി, ഫലപ്രഖ്യാപനത്തിന് ചുരുങ്ങിയത് ഒരുമാസം എടുക്കും.

അതായത് ഓഗസ്റ്റ് അവസാനമാവും. ഓഗസ്റ്റ് പകുതിയോടെ കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ ഉന്നതപഠനത്തിനുള്ള അപേക്ഷകളുടെ അവസാനതീയതി കഴിയും. കണ്ടീഷണൽ ഓഫർ പ്രകാരം മാർക്ക്ലിസ്റ്റ് പിന്നീട് അപ്ലോഡ് ചെയ്യുന്നവർക്കും ഓഗസ്റ്റ് പകുതിക്കുമുമ്പ് അത് ചെയ്തില്ലെങ്കിൽ അവസരം നഷ്ടമാവും.

Content Highlights: Universities outside Kerala organize graduation exams online, students in Kerala under confusion