കൊച്ചി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുമുള്ള ഫീസും വാങ്ങാൻ പാടില്ലെന്നും എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശം അൺ എയ്‌ഡഡ് സ്കൂൾ അധികൃതരെ വലയ്‍ക്കുന്നു. വിദ്യാർഥികളുടെ ഫീസ് മാത്രം ഉപയോഗിച്ചാണ് അൺ എയ്‌ഡഡ് സ്കൂളുകളിൽ, അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.

ഫീസിലോ മറ്റോ എന്തെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ അത് അധ്യയനവർഷ അവസാനമായ മാർച്ചിൽ പിരിച്ചെടുക്കുകയാണ് പതിവ്. ഇക്കുറി മാർച്ചിൽത്തന്നെ ലോക്ക്ഡൗൺ വന്നതിനാൽ ഇവ പിരിച്ചെടുക്കാൻ മാനേജ്മെന്റുകൾക്കായിട്ടില്ല. മാർച്ചിലേയും വെക്കേഷൻ മാസങ്ങളായ ഏപ്രിലിലെയും മേയിലെയും ശമ്പളം നൽകാനുള്ള തുക ഇതിൽനിന്നാണ് കണ്ടെത്തിക്കൊണ്ടിരുന്നതെന്ന് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.

ലോക്ക്ഡൗണായതിനാലും സംസ്ഥാന സർക്കാരിന്റെ കർശന നിർദേശമുള്ളതിനാലും ഫീസും കുടിശ്ശികയും ഉൾപ്പെടെ ഒരുതരത്തിലുള്ള പണവും കുട്ടികളിൽനിന്ന് പിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഇക്കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി പതിവു പത്രസമ്മേളനത്തിൽ ആവർത്തിച്ചിരിക്കുന്നത്, കുട്ടികളിൽനിന്ന് ഫീസ് ഈടാക്കരുതെന്നും എന്നാൽ, ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്നുമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ മുഖ്യമന്ത്രിയുടെ ഈ രണ്ട് നിർദേശങ്ങൾക്കും പിന്നിൽ സദുദ്ദേശ്യമാണുള്ളതെന്ന് തങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ, ഫീസ് കിട്ടാതെ ശമ്പളം കൊടുക്കാനാവില്ല എന്നത് യാഥാർഥ്യമാണ്. ഈ സാഹചര്യത്തിൽ, കഴിവുള്ള രക്ഷിതാക്കൾ ഓൺലൈൻ മുഖേന സ്കൂളിൽ ഫീസടച്ചാൽ ഒരു പരിധിവരെയെങ്കിലും സ്കൂളുകാർക്ക് പിടിച്ചുനിൽക്കാനാവും. ഇക്കാര്യത്തിൽ വേണ്ട മാർഗനിർദേശം നൽകണമെന്നഭ്യർഥിച്ച് ഡോ. ഇന്ദിര രാജൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Content Highlights: Unaided schools can not afford govt decision to not collect fees