കോഴിക്കോട്: വിദ്യാര്‍ഥികളുടെ നൈപുണ്യവും തൊഴില്‍ ലഭ്യതാക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സുസ്ഥിര സഹകരണ വേദിയൊരുക്കുമെന്ന്  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ.്) ചെയര്‍മാന്‍ രമേശന്‍ പാലേരി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജ്യുക്കേഷന്‍ ഫൗണ്ടേഷനും (യു.എസ്.ഐ.ഇ.എഫ്.) യു.എല്‍. എജ്യുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച വെബിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് -19 ന് ശേഷമുള്ള യു.എസിലെ വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും പ്രക്രിയകളെക്കുറിച്ചും യു.എസ്.ഐ.ഇ.എഫി.ലെയും അരിസോണ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

അപേക്ഷ ഫോം, അപേക്ഷ ഷീറ്റ്, മാര്‍ക്ക് ഷീറ്റ് അഥവാ അക്കാദമിക് ട്രാന്‍സ്‌ക്രിപിറ്റുകള്‍,  സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകള്‍, ശുപാര്‍ശ കത്തുകള്‍, ഉദ്ദേശ പ്രസ്താവന, ബയോഡാറ്റ, ഗവേഷണ ശേഷിയുടെ തെളിവ്, സാമ്പത്തിക രേഖകള്‍ എന്നിവ ബിരുദ അപേക്ഷ പാക്കേജില്‍ ഉള്‍പ്പെടുന്നു. സ്റ്റുഡന്റ് വിസയ്ക്കുള്ള അപേക്ഷ പുറപ്പെടുന്നതിന് 3-5 മാസം മുമ്പ് സമര്‍പ്പിക്കണമെന്ന് യു.എസ.് എജ്യുക്കേഷന്‍ അഡൈ്വസര്‍ മിസ് അപര്‍ണ്ണ ചന്ദ്രശേഖര്‍ നിര്‍ദ്ദേശിച്ചു.

Content Highlights: ULCCS to tie up with higher education institutions