ന്യൂഡല്‍ഹി: ബ്രിട്ടീഷ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സ്റ്റഡി യു.കെ. വെര്‍ച്വല്‍ ഫെയര്‍ ഓഗസ്റ്റ് 21-ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് വെര്‍ച്വല്‍ ഫെയര്‍ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടര മുതല്‍ മൂന്ന് വരെ 'സ്റ്റുഡന്റ് വിസാസ് ആന്‍ഡ് ഗ്രാജ്വേറ്റ് റൂട്ട്' എന്ന വിഷയത്തിലും വൈകിട്ട് 3.15 മുതല്‍ 3.45 വരെ 'സ്റ്റഡിയിങ് ആന്‍ഡ് ലിവിങ് ഇന്‍ ദി യു.കെ ആന്‍ഡ് സ്‌കോളര്‍ഷിപ്പ്' എന്ന വിഷയത്തിലും സെമിനാറുകള്‍ നടക്കും.

വെര്‍ച്വല്‍ ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസ, ഗ്രാജ്വെറ്റ് റൂട്ട് എന്നിവയെ കുറിച്ച് യു.കെ. വിസ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാന്‍ അവസരമുണ്ടാകും. പഠനാനന്തരമുള്ള തൊഴില്‍ സാധ്യതകളെ കുറിച്ചും പുതുതായി നടപ്പാക്കിയ ഗ്രാജ്വേറ്റ് റൂട്ടിനെ കുറിച്ചും വിദഗ്ധര്‍ സംശയനിവാരണം നടത്തും. യു.കെ.യിലെ വിദ്യാര്‍ഥി ജീവിതത്തെ കുറിച്ചും സ്‌കോളര്‍ഷിപ്പ് സാധ്യതകളെ കുറിച്ചും ബ്രിട്ടീഷ് കൗണ്‍സില്‍ പ്രതിനിധികള്‍ വിശദീകരിക്കും.

അനുയോജ്യമായ കോഴ്‌സുകള്‍, സര്‍വകലാശാലകള്‍, യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ മുപ്പത്തിയഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികളില്‍ നിന്ന് നേരിട്ട് മനസിലാക്കാം. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റല്‍, യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിംഗ്ഹാം, യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്, യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌കോ, യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ തുടങ്ങി അക്കാദമിക് മികവ് തെളിയിച്ച സര്‍വകലാശാലകളും സ്ഥാപനങ്ങളും വെര്‍ച്വല്‍ മേളയില്‍ പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്യാം: www.britishcouncil.in.

Content Highlights: UK virtual fare by British study council