ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തി അടുത്ത സെഷനിലേക്ക് പോകാനുമുള്ള ശേഷിയുണ്ടോ അല്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിച്ച് പിന്നീട് പരീക്ഷകള്‍ നടത്തുന്നതാണോ നല്ലതെന്ന വിഷയം യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) അടുത്തയാഴ്ച വൈസ് ചാന്‍സലര്‍മാരുമായുള്ള നിര്‍ണായക യോഗത്തില്‍ ചര്‍ച്ച ചെയ്യും. 

പുതിയ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആര്‍.സി. കുഹാദിന്റെ നേതൃത്വത്തിലുള്ള സമിതിയും ഇഗ്നോ വൈസ് ചാന്‍സലര്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സമിതി ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും നിര്‍ണായക  റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച കേന്ദ്രത്തിന് സമര്‍പ്പിച്ചു. 

'ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള ഓപ്ഷന്‍ കുഹാദ് കമ്മിറ്റി പരിശോധിച്ചു. രാജ്യത്തിന്റെ വൈവിധ്യം കണക്കാക്കുമ്പോള്‍ എല്ലായിടത്തും ഒരേ സമീപനം സ്വീകരിക്കാന്‍ കഴിയില്ല. എല്ലാ സര്‍വകലാശാലകള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള ശേഷിയില്ല. ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്നതില്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളും ഉണ്ടായേക്കാം. അതിനാല്‍ ഞങ്ങള്‍ എല്ലാവശങ്ങളും ചര്‍ച്ചചെയ്യുകയും ഭാവിയിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അടുത്തയാഴ്ച സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നിര്‍ദ്ദേശം, അവസാന വര്‍ഷക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യുക എന്നതാണ്. രണ്ട് റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്നും അതിന്‍മേല്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും യുജിസി ചെയര്‍മാന്‍ ഡി.പി. സിങ് പറഞ്ഞു. കമ്മീഷന്‍ എടുക്കുന്ന ഏത് തീരുമാനവും സര്‍വകലാശാലകളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുജിസി ഒരുപക്ഷേ മീറ്റങിനായി വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങിനെയെങ്കില്‍ അത് കമ്മീഷന്റെ ചരിത്രത്തിലെ പുതിയ സംഭവവുമായേക്കാം. യോഗത്തിലെ തീരുമാനങ്ങള്‍ എന്തുതന്നെയായാലും അന്തിമ തീരുമാനം സര്‍വകലാശാലകള്‍ക്ക് സ്വീകരിക്കാനുള്ള അവസരം നല്‍കിയേക്കും.

Content Highlights: UGC to mull report by VCs on academic matters in meet next week