ന്യൂഡല്‍ഹി: കോവിഡ്-19 ലോക്ക്ഡൗണ്‍ കാരണം തകിടം മറിഞ്ഞ അക്കാദമിക് രംഗത്തെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശങ്ങളുമായി യു.ജി.സി. പരീക്ഷകളുടെ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായി കുറയ്ക്കുക, പുസ്തകം നോക്കി പരീക്ഷയെഴുതാനുള്ള (ഓപ്പണ്‍ ബുക്ക് എക്‌സാം) അവസരമൊരുക്കുക എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. പ്രൊഫസര്‍. ആര്‍.സി. കുഹദിന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയെയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ യു.ജി.സി ചുമതലപ്പെടുത്തിയത്. 

പഠന നിലവാരം താഴെ പോകാതെ ഈ പ്രതിസന്ധിയെ മറികടക്കണമെന്നാണ് സമിതി മുന്നോട്ട് വെച്ച ആശയം. മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍, ഒ.എം.ആര്‍ അധിഷ്ഠിത പരീക്ഷകള്‍, ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍, അസൈന്‍മെന്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള മൂല്യ നിര്‍ണയം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചത്. കൂടാതെ പുതിയ രീതികള്‍ അവലംബിക്കാനും പരീക്ഷയുടെ ദൈര്‍ഘ്യം കുറയ്ക്കാനും സമിതി ശുപാര്‍ശ ചെയ്തു. 

രണ്ട്, മൂന്ന് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതലും പുതുതായി അഡ്മിഷനെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതലും ക്ലാസ്സുകള്‍ ആരംഭിക്കണം. സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയിലായാല്‍ ആഴ്ചയില്‍ 6 ദിവസം വരെ പ്രവര്‍ത്തി ദിവസമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16-ാം തീയതിയാണ് മിക്ക സര്‍വകലാശാകളും അടച്ചിട്ടത്. ലോക്ക്ഡൗണ്‍ മേയ് 17-വരെ നീട്ടിയ സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ പുനഃപ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്.  

Content Highlights: UGC suggest Universities to reduce exam time and conduct open book exams, Covid-19, Lockdown, Corona Outbreak