ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചുമുതല്‍ അടച്ചിട്ട രാജ്യത്തെ സര്‍വകലാശാലകളും കോളേജുകളും തുറക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.) മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ അതത് സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം.

കേന്ദ്രസര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കാന്‍ അതത് സ്ഥാപനമേധാവിമാര്‍ക്ക് തീരുമാനിക്കാമെന്നും യു.ജി.സി. അറിയിച്ചു. ക്ലാസുകള്‍ തുടങ്ങുകയാണെങ്കില്‍ കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിക്കുന്നു.

സ്ഥാപനങ്ങള്‍ കണ്‍ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ പ്രവര്‍ത്തിക്കരുത്. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സ്ഥാപനത്തില്‍ പ്രവേശിക്കരുത്. എല്ലാവരും ആരോഗ്യസേതു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. സ്ഥാപനമേധാവിയുടെ നിര്‍ദേശപ്രകാരം അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഹാജരാകാം.

Content Highlights: UGC published guidelines for College, University reopening, Covid-19