ന്യൂഡല്‍ഹി: അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണില്‍ നടത്തില്ല. പുതിയ പരീക്ഷാത്തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. 

നേരത്തെ ജൂണ്‍ 15 മുതല്‍ 20 വരെ പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ugcnet.nta.nic.in വഴി അപേക്ഷിക്കാനുള്ള സമയം മേയ് 16 വരെ നീട്ടിനല്‍കിയിട്ടുണ്ട്. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തിലും എന്‍ടിഎ ഇളവ് നല്‍കിയിട്ടുണ്ട്. 

വര്‍ഷത്തില്‍ രണ്ടുതവണയാണ് നെറ്റ് പരീക്ഷ നടത്തുന്നത്. 2019 ഡിസംബറില്‍ 7 ലക്ഷത്തിലേറെപ്പേര്‍ പരീക്ഷയെഴുതി. ഇതില്‍ 60147 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയും 5092 പേര്‍ ജൂനിയര്‍ ഫെലോഷിപ്പിന് അര്‍ഹരാകുകയും ചെയ്തിരുന്നു.

Content Highlights: UGC NET will not be conduct in June; revised dates to be announce soon