നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന യു.ജി.സി. നെറ്റ് പരീക്ഷ ഡിസംബർ 18, 19, 20, 21, 22 തീയതികളിൽ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അഡ്മിറ്റ് കാർഡിൽ പരീക്ഷാതീയതിയും സമയവും രേഖപ്പെടുത്തിയിരിക്കും. നവംബർ 19 മുതൽ എൻ.ടി.എ. വെബ്‌സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. 

രാവിലെ 9.30 മുതൽ ഒന്നുവരെയും ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെയുമാണ് സമയം. ജനറൽ പേപ്പറിൽ 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരു മണിക്കൂർ ആണ് സമയം. സബ്ജക്ട് പേപ്പറിൽ 100 ചോദ്യങ്ങൾക്ക് രണ്ടുമണിക്കൂറും ലഭിക്കും. രണ്ടു പേപ്പറുകൾക്കിടയിൽ അരമണിക്കൂർ ഇടവേളയുണ്ടാവും.

ആദ്യ ഷിഫ്റ്റിൽ 8.30-നുശേഷവും രണ്ടാം ഷിഫ്റ്റിൽ ഒരുമണിക്ക് ശേഷമോ പരീക്ഷാ കേന്ദ്രത്തിലെത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ് എന്നിവയിൽ അവ്യക്തതയുണ്ടെങ്കിൽ 30 വരെ തിരുത്താം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

 കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ

 •  പരീക്ഷാർഥിയുടെ റോൾനമ്പറിനനുസരിച്ച് കേന്ദ്രത്തിൽ കംപ്യൂട്ടറുകൾ സജ്ജീകരിക്കും. 
 •  ലോഗിൻ സ്‌ക്രീനിൽ പരീക്ഷാർഥിയുടെ ഫോട്ടോയും സബ്ജക്ടും പ്രദർശിപ്പിക്കും. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം
 •  പരീക്ഷാർഥിക്കുള്ള നിർദേശങ്ങൾ സ്‌ക്രീനിൽ തെളിയും
 •  മൗസ് ഉപയോഗിച്ചാണ് ഉത്തരങ്ങൾ തിരഞ്ഞെടുക്കുക. 
 •  പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും
 •  www.ntanet.nic.in എന്ന വെബ്‌സൈറ്റിൽ മാതൃകാ മോക് ടെസ്റ്റ് ലഭ്യമാണ്

 

ഇവയെല്ലാം കരുതാം

 • അഡ്മിറ്റ് കാർഡ്
 • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയോടൊപ്പം ചേർത്തത്)
 • ഒറിജിനൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്

 

ഈ തീയതികൾ ഓർമിക്കാം

 • ഒക്ടോബർ 30 -അപ്‌ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി
 • നവംബർ 19 -അഡ്മിഷൻ ടിക്കറ്റ് എൻ.ടി.എ. വെബ്‌സൈറ്റിൽ ലഭിക്കും
 • 2019 ജനുവരി 10- പരീക്ഷാഫലം പ്രസിദ്ധീകരിക്കും