ന്യൂഡൽഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ മേയ് രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയ് 17 വരെയായിരുന്നു പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

കോവിഡ്-19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ പരീക്ഷാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് 2020 ഡിസംബറിലെ യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെയ്ക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ ട്വിറ്ററിലൂടെ അറിയിച്ചു.

പുതുക്കിയ പരീക്ഷാതീയതി പരീക്ഷയ്ക്ക് 15 ദിവസം മുൻപ് എങ്കിലും പ്രസിദ്ധീകരിക്കുമെന്ന് എൻ.ടി.എ നോട്ടീസിൽ വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്കറിയാം.

Content Highlights: UGC NET 2020 postponed by NTA