ന്യൂഡല്‍ഹി: കോവിഡ്-19നെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കിയതിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ സംവിധാനമൊരുക്കി യുജിസി. പ്രതിസന്ധിഘട്ടം കഴിയുന്നതുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ്-19 ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യുജിസി നിര്‍ദേശിച്ചു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച പ്രവേശന പരീക്ഷകളെയും അക്കാദമിക് പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച കാര്യങ്ങളില്‍ സംശയദൂരീകരണത്തിനായി യുജിസിയുടെ ഹെല്‍പ്പ്‌ലൈന്‍ സംവിധാനവുമായി ബന്ധപ്പെടാം. 011-23236374 എന്ന നമ്പറിലും covid19help.ugc@gmail.com എന്ന മെയില്‍ അഡ്രസ്സിലും ഇതിനുള്ള സൗകര്യമുണ്ടായിരിക്കും.

നേരത്തെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുജിസി നിര്‍ദേശിച്ചിരുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു.

Content Highlights: UGC issues helpline, email address for redressal of grievances related to COVID-19