ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പ്രത്യേക സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിലവിലുള്ള വിദ്യാർഥികൾക്ക് ഓഗസ്റ്റ് ഒന്നുമുതലും പുതുതായി ചേരുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതലും അക്കാദമിക് സെഷന്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദേശിച്ചു.

അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായില്‍ നടത്താം. ഇടയിലുള്ള വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ട് ചെയ്യുകയോ സാഹചര്യം മെച്ചപ്പെടുന്ന സംസ്ഥാനങ്ങളില്‍ ജൂലായില്‍ പരീക്ഷ നടത്തുകയോ ആവാം. 

ആഴ്ചയില്‍ ആറ് പ്രവൃത്തിദിനങ്ങള്‍ വരെയാകാം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ ലോക്ക്ഡൗണ്‍ കാലത്തെ താമസ, യാത്രാ വിവരങ്ങള്‍ സര്‍വകലാശാലകള്‍ രേഖപ്പെടുത്തണം. എം.ഫില്‍., പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് ആറ് മാസത്തേക്ക് കോഴ്‌സ് കാലാവധി നീട്ടി നല്‍കാം. വാചികപരീക്ഷ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നും യുജിസി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതത് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍വകലാശാലകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റംവരുത്താമെന്നും യുജിസി വ്യക്തമാക്കി.

Content Highlights: UGC issues guidelines for new academic calender, university exams amid covid 19 lockdown