പുതുക്കിയ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിട്ടില്ലെന്ന് യുജിസി. ചില വാര്‍ത്ത മാധ്യമങ്ങളില്‍ ഇത്തരത്തില്‍ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയെന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ വന്നിരുന്നു.

പരീക്ഷയെക്കുറിച്ചുള്ള യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ ചില അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടു. അക്കാദമിക്ക് കലണ്ടര്‍, പരീക്ഷകള്‍ തുടങ്ങിയവയക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം അതാത് സമയത്ത് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മെയ് മാസത്തില്‍ നടത്താനിരുന്ന ഓഫ്‌ലൈന്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ മെയ് ആറിന് സര്‍വകലാശകളോട് അപേക്ഷിച്ചിരുന്നു. യുജിസിയുടെ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സഹായിക്കുന്നതിന് കോവിഡ് ടാസ്‌ക് ഫോഴ്സും ഹെല്‍പ്പ് ലൈനുകളും രൂപീകരിക്കാന്‍ കമ്മീഷന്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും  നിര്‍ദ്ദേശിച്ചിരുന്നു. 

സാനിറ്റൈസേഷന്‍, മാസ്‌ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവയുള്‍പ്പെടെയുള്ള  കോവിഡ് മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വാര്‍സിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

മെയ് മാസം ഓഫ്‌ലൈന്‍ പരീക്ഷ നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്

Content Highlights: UGC issues clarification on exam guidelines