തൃശ്ശൂർ: കോവിഡിന്റെ സാഹചര്യത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് യു.ജി.സി. പി.എച്ച്.ഡി., എം.ഫിൽ കോഴ്സുകളിലെ പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള കാലാവധിയിൽ ആറുമാസംകൂടി അനുവദിക്കാമെന്നാണ് കമ്മിഷന്റെ നിർദ്ദേശം. രാജ്യത്തെ സർവകലാശാലകളും മറ്റും മാസങ്ങളോളം അടച്ചിട്ടിരുന്നതിനാൽ പല പ്രവർത്തനങ്ങളും നടത്താനായില്ലെന്ന് പരാതിയുയർന്നിരുന്നു.

ഇത്തരത്തിൽ ഗവേഷണ പഠനത്തിന്റെ ഭാഗമായി സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചതിന്റെ തെളിവുകൾ നിശ്ചിതകാലയളവിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്. അംഗീകരിക്കപ്പെട്ട ജേണലുകളിലും മറ്റും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ തെളിവുകളും ഹാജരാക്കേണ്ടതുണ്ട്. ഇതിനും കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്.

എന്നാൽ, ഗവേഷകർക്ക് നൽകുന്ന ഫെലോഷിപ്പുകളുടെ കാലാവധി നീട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. ഇത് അഞ്ചുവർഷമായിത്തന്നെ തുടരും. എല്ലാസർവകലാശാലകളും ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: UGC extended six months for PhD, M.Phil Dissertation submission