ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21-ന് യോഗാഭ്യാസ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി. നിര്‍ദേശം. ആയുഷ് മന്ത്രാലയത്തിന്റെ കോമണ്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരമാണ് നടപടി.
കോമണ്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ വലിയ യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് യു.ജി.സി നിര്‍ദേശിക്കുന്നു. യോഗയുടെ ഗുണഫലങ്ങളേക്കുറിച്ച് പങ്കെടുക്കുന്നവരെ ബോധവത്കരിക്കാനും യോഗാദിനത്തിനപ്പുറത്തേക്ക് പരിശീലനം തുടരാനുള്ള പ്രചോദനം നല്‍കാനുമാണ് പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്ന് യു.ജി.സി വ്യക്തമാക്കുന്നു.
ജൂണ്‍ 21-ന് രാവിലെ ഏഴ് മണിമുതല്‍ എട്ട് വരെയാണ് യോഗാഭ്യാസ പ്രകടനങ്ങള്‍ സംഘടിപ്പിക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്കുപുറമേ അധ്യാപകരും മറ്റ് ജീവനക്കാരും പരിപാടിയില്‍ പങ്കെടുക്കാന്‍ കത്തില്‍ നിര്‍ദേശമുണ്ട്.
Content Highlights: International Day of Yoga, Yoga at Universities, UGC Direction on IDY