ന്യൂഡല്‍ഹി: ഫെബ്രുവരി 25-ന് നടക്കാനിരിക്കുന്ന 'പശുശാസ്ത്ര' പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് സര്‍വകലാശാലകളോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി). എല്ലാ കോളേജുകളിലും പരീക്ഷയെക്കുറിച്ച് അറിയിക്കണമെന്നും പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്നും സര്‍വകലാശാലാ വൈസ്ചാന്‍സിലറുമാര്‍ക്കയച്ച കത്തില്‍ യു.ജി.സി സെക്രട്ടറി രജനീഷ് ജെയിന്‍ നിര്‍ദേശിച്ചു. 

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പശുസംരക്ഷണത്തിനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷ നടത്തുന്നത്. നാല് കാറ്റഗറികളിലായി നടത്തുന്ന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി ഉള്‍പ്പെടെയുള്ള പത്തോളം പ്രാദേശിക ഭാഷകളിലും നടത്തുന്നുണ്ട്. 

പരീക്ഷയെഴുതുന്നവര്‍ക്കായി 54 പേജുള്ള ഒരു റഫറന്‍സ് മെറ്റീരിയലും രാഷ്ട്രീയ കാമധേനു ആയോഗ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീടത് പിന്‍വലിച്ചു. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെ ദൈര്‍ഘ്യം ഒരുമണിക്കൂറായിരിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മികച്ച സ്‌കോര്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം സമ്മാനങ്ങളും ലഭിക്കും.

Content Highlights: UGC asks universities to encourage students to take ‘cow science’ exam