ന്യൂഡൽഹി: സ്ത്രീ സുരക്ഷ, ജെൻഡർ സെൻസിറ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സർവകലാശാലകളോടും കോളേജുകളോടും ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റ് ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). സമൂഹത്തിൽ സ്ത്രീകൾ നൽകിയ സംഭാവനകളും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് യു.ജി.സി പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളുമെന്ന പേരിൽ ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിനെ സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യു.ജി.സിക്ക് കത്തയച്ചിരുന്നു. പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നാതായിരുന്നു കത്തിലെ ഉള്ളടക്കം. ഇതനുസരിച്ചാണ് നേതൃപാടവം, ത്യാഗം തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ കോളേജുകളോട് യു.ജി.സി ആവശ്യപ്പെട്ടത്.

സ്ത്രീകളെപ്രതി നിലനിൽക്കുന്ന പ്രത്യേക സങ്കൽപ്പങ്ങളും മോശം കാഴ്ചപ്പാടുകളും മാറ്റുകയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ യു.ജി.സി ഉന്നംവെയ്ക്കുന്നത്. സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന സെമിനാറുകളും ലക്ചറുകളു സംഘടിപ്പിക്കണമെന്നും സർവകലാശാലകളോട് യു.ജി.സി നിർദേശിച്ചിട്ടുണ്ട്.

Content Highlights: UGC asks universities to add Women safety, Gender Sensitisation content in the curriculum