ന്യൂഡല്‍ഹി: രാജ്യത്തെ 38 സര്‍വകലാശാലകളിലെ ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ക്ക് യുജിസി അംഗീകാരം നല്‍കി. ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പൂര്‍ണതോതിലുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാനും അവകാശമുണ്ടാകും.  ജാമിയ മില്ലിയ ഇസ്ലാമിയ പോലുള്ള കേന്ദ്ര സര്‍വകലാശാലകള്‍ എഡ്യുക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ഓണ്‍ലൈനായി നല്‍കും. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സംസ്‌കൃതത്തില്‍ എംഎയും മിസോറം യൂണിവേഴ്സിറ്റി നാല് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകളും നല്‍കും. യൂണിവേഴ്സിറ്റി ഓഫ് ജമ്മു എംഎ ഇംഗ്ലിഷ്, എംകോം കോഴ്സുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ നല്‍കും.

സ്വകാര്യ സ്ഥാപനങ്ങളില്‍, ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായ നാര്‍സി മോഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ബികോം, ബിബിഎ കോഴ്സുകളും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി എംഎ ഇക്കണോമിക്സ്, എംഎ ഇംഗ്ലിഷ് എന്നിവ ഉള്‍പ്പെടെ ഏഴ് പിജി കോഴ്സുകളും ബികോം, ബിബിഎ എന്നീ യുജി കോഴ്സുകളും നല്‍കും. സിമ്പയോസിസ് ഇന്റര്‍നാഷണല്‍, ബിബിഎ- ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്, ബിഎസ്സി (ഹോണേഴ്സ്)- ഇക്കണോമിക്സ് എന്നീ കോഴ്സുകള്‍ നല്‍കും.

15 ഡീംഡ് ടു ബി യൂണിവേഴ്സിറ്റികള്‍, 13 സംസ്ഥാന യൂണിവേഴ്സിറ്റികള്‍, മൂന്ന് കേന്ദ്ര യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കാന്‍ യുജിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ഒപി ജിന്ധാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി, ചണ്ഡീഗഡ് യൂണിവേഴ്സിറ്റി, മണിപ്പാല്‍ യൂണിവേഴ്സിറ്റി എന്നീ മൂന്ന് സ്വകാര്യ യൂണിവേഴ്സിറ്റികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020-21 അക്കാഡമിക് സെഷനിലേക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ നല്‍കാന്‍ താല്‍പര്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും യുജിസി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. യുജിസി മാനദണ്ഡം പ്രകാരം നാക് അല്ലെങ്കില്‍ എന്‍ഐആര്‍എഫ് റാങ്കിങ്ങിനുള്ള നിഷ്‌കര്‍ശകള്‍ പാലിച്ചുകൊണ്ട് യൂണിവേഴ്സിറ്റികള്‍ക്ക് ഈ കോഴ്സുകള്‍ നല്‍കാമെന്ന് യുജിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ചിട്ടുള്ള സ്വീകാര്യത ഏറെയാണ്. സുരക്ഷിതമായി വീടുകളിലിരുന്ന് പഠിക്കാമെന്നതിന് പുറമേ പഠനത്തിന്റെ ചിലവും താരതമ്യേന കുറവുമാണ്. സമൂഹത്തിലെ എല്ലാ മേഖലകളും ഏതാണ്ട് നിശ്ചലമായിരിക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസം തടസ്സമില്ലാതെ തുടര്‍ന്ന് കൊണ്ടുപോകുന്നതിന്റെ പ്രസക്തി മനസിലാക്കിയാണ് യുജിസിയുടെ തീരുമാനം.

Content Highlights:  UGC allows 38 universities to conduct online degree courses