തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും ഒന്നാംവര്‍ഷ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ഓണ്‍ലൈനായി ആരംഭിക്കാനാകുംവിധം പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍.

ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്നാണ് യു.ജി.സി. നിര്‍ദേശിച്ചത്. കേരളത്തിലെ സര്‍വകലാശാലകളിലെല്ലാം ബിരുദ, ബിരുദാനന്തര പ്രവേശന നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണു കരുതുന്നത്.

കേരളയില്‍ ബിരുദ കോഴ്സുകള്‍ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഉടന്‍ തുടങ്ങും. മറ്റു സര്‍വകലാശാലകളില്‍ പ്രവേശനനടപടികള്‍ പൂര്‍ത്തീകരണത്തോടടുക്കുകയാണ്. കേരളയിലെ ബിരുദ പ്രവേശനനടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ബിരുദാനന്തര കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ നടക്കും. ഒക്ടോബര്‍ അവസാനത്തോടെ പി.ജി. പ്രവേശനവും പൂര്‍ത്തിയാക്കാനാകുമെന്നാണു കരുതുന്നത്.

എല്ലാ സര്‍വകലാശാലകളിലും ഒക്ടോബര്‍ അവസാനത്തോടെ ബിരുദ, ബിരുദാനന്തര പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

നവംബര്‍മുതല്‍ ആഴ്ചയില്‍ ആറുദിവസം പ്രവൃത്തിദിനമായിരിക്കും. ഇതേ രീതിതന്നെയാകും അക്കാദമിക വര്‍ഷത്തിന്റെ ബാക്കിദിനങ്ങളിലും സ്വീകരിക്കുക. അവധികളും ഇടവേളകളും വേണ്ടെന്നും യു.ജി.സി. നിര്‍ദേശിച്ചിട്ടുണ്ട്. സെമസ്റ്റര്‍ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക കലണ്ടറാണ് യു.ജി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയത്.

Content Highlights: UG and PG Classes to begin online from 1st November