ന്യൂഡല്‍ഹി: ജൂലായ് 26ന് നടത്തുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് സാമൂഹിക അകലം ഉറപ്പാക്കാനായി പരീക്ഷാ കേന്ദ്രങ്ങള്‍ ഇരട്ടിയാക്കും. കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രാലയം പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

15 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷാര്‍ഥികള്‍ തമ്മില്‍ രണ്ടുമീററര്‍ അകലം ഉറപ്പിക്കാനായി 6000 പരീക്ഷാ കേന്ദ്രങ്ങള്‍ വേണ്ടിവരും. നേരത്തെ 3000 കേന്ദ്രങ്ങളായിരുന്നു പരീക്ഷയ്ക്കായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ തവണ വരെ വിദ്യാര്‍ഥികളെ ഒരുമീറ്റര്‍ അകലത്തിലായിരുന്നു ഇരുത്തിയിരുന്നത്.

കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ സ്‌കൂളുകള്‍, എന്‍ജിനീയറിങ് കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് സാധരണയായി നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാക്കാറുള്ളത്. ഇതിനുപുറമെ മറ്റ് കംപ്യൂട്ടര്‍ സെന്റുകളും ഇത്തവണ കേന്ദ്രങ്ങളാക്കിയേക്കും. അതേസമയം, പല ഷിഫ്റ്റുകളിലായി നടത്തുന്നതിനാല്‍ ജെഇഇ മെയിന്‍ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല.

Content Highlights: To hold NEET amid lockdown, NTA to double test centres