ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പുതിയ കോളേജുകളുടെ അംഗീകാരത്തിനുള്ള നടപടികള്‍ പുനരാരംഭിച്ച് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വെര്‍ച്വല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. 

കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച അതേ രേഖകളാണ് ഈ വര്‍ഷവും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. പുതിയ സര്‍വകലാശാലകള്‍, കോഴ്‌സുകള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന ഹാന്‍ഡ്ബുക്ക് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്  വൈകിയാണ് പ്രസിദ്ധീകരിച്ചത്. 

ഇതിന് പിന്നാലെ ലോക്ക്ഡൗണും വന്നതോടെ അംഗീകാരത്തിനുള്ള നടപടികള്‍ വൈകി. ഇതാണിപ്പോള്‍ വെര്‍ച്വല്‍ സംവിധാനങ്ങളുടെ സഹായത്തോടെ പുനരാരംഭിക്കുന്നത്. നേരിട്ട് കോളേജുകളില്‍ പരിശോധന നടത്തുന്നതിന് പകരമായി ഓണ്‍ലൈനിലൂടെ പരിശോധനകള്‍ പൂര്‍ത്തിയാക്കുമെന്നും എ.ഐ.സി.ടി.ഇ വ്യക്തമാക്കി. 

Content Highlights: To approve new colleges & universities, AICTE to conduct virtual inspections, Covid-19, Lockdown, corona Outbreak