ചെന്നൈ: യു ജി സിക്ക് പകരം വരുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (HECI) ബില്ലിന് തമിഴ്‌നാട് സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശം. നേരത്തേ ഉന്നത വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വിശേഷിപ്പിച്ച ബില്ലാണിത്. പുതിയ കമ്മീഷന്‍ വരുന്നതിനു പകരം യു ജി സി തന്നെ ഉന്നത വിദ്യാഭ്യാസരംഗത്തെ നിയന്ത്രണ ഏജൻസിയായി തുടരണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. 

സാമ്പത്തിക സ്രോതസെന്ന നിലയിലും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലും നിലവില്‍ യു ജി സിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്കുള്ള കത്തില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ യു ജി സിക്ക് പകരം മറ്റൊരു  കമ്മീഷനെ നിയമിക്കേണ്ട ആവശ്യമില്ലെന്നും കത്തില്‍ പറഞ്ഞു.

എന്നാല്‍ പുതുതായി വരുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സാമ്പത്തിക അധികാരത്തേക്കുറിച്ച് മാനവ വിഭവശേഷി വകുപ്പ് ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ തയ്യാറാക്കിയ കരട് പ്രകാരം വിദ്യാഭ്യാസ കാര്യങ്ങളില്‍ കമ്മീഷനും സാമ്പത്തിക കാര്യങ്ങളില്‍ വകുപ്പ് മന്ത്രാലയത്തിനുമായിരിക്കും അധികാരം.

Content Highlights: TN opposes Higher Education Commission Bill, Says No To Scrapping UGC