കടുങ്ങല്ലൂര്‍: വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് ശ്രീലക്ഷ്മി അമ്മയെ ഫോണ്‍വിളിച്ച് ആ ആഹ്‌ളാദവാര്‍ത്ത പറഞ്ഞത്... 'സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29-ാം റാങ്ക്'. പിന്നെ, കിഴക്കേ കടുങ്ങല്ലൂര്‍ സഹജഗ്രാമം തൈക്കാട്ടില്‍ പ്രസന്നയില്‍ ഫോണ്‍ശബ്ദം നിലച്ചിട്ടില്ല... ആശംസകള്‍... അഭിനന്ദനങ്ങള്‍... 

മറുപടിപറയാന്‍ മാത്രമേ രാമചന്ദ്രനും കലാദേവിക്കും നേരമുള്ളു. മകള്‍ സിവില്‍ സര്‍വീസ് നേടുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ 29-ാം റാങ്ക്   വിചാരിച്ചിരുന്നില്ല. എല്‍.കെ.ജി. മുതല്‍തന്നെ ഒന്നും പഠിപ്പിച്ചുകൊടുക്കേണ്ടി വന്നിട്ടില്ലെന്ന് എസ്.ബി.ഐ. റിട്ട. ഉദ്യോഗസ്ഥരായ രാമചന്ദ്രനും കലാദേവിയും പറയുന്നു. എല്ലാം ദൃഢനിശ്ചയത്തോടെ പഠിച്ച് നേടിയതാണ്. ആലുവ നിര്‍മല സ്‌കൂളിലും രാജഗിരിയിലുമായിരുന്നു ശ്രീലക്ഷ്മിയുടെ സ്‌കൂള്‍ പഠനം. തുടര്‍ന്ന് ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ നിന്ന് ബിരുദം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നായിരുന്നു ബിരുദാനന്തര ബിരുദം. 

ബിരുദ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് മോഹമുദിച്ചത്. അത് ലക്ഷ്യംവച്ച് കൃത്യമായ വഴിയിലൂടെ പഠനം കൊണ്ടുപോയി. തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍ പരിശീലനത്തിന് ചേര്‍ന്നെങ്കിലും ഒന്നരമാസമേ തുടര്‍ന്നുള്ളു. പിന്നീട് എല്ലാം സ്വന്തമായി പഠിച്ചു.

സിവില്‍ സര്‍വീസ് ഫലം വരുമ്പോള്‍ ശ്രീലക്ഷ്മി തൃശ്ശൂര്‍ കോലയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു. അവിടെനിന്ന് ആദ്യം അമ്മയെ വിളിച്ചാണ് വിവരം പറഞ്ഞത്.

Content Highlights: Thrissur native Sreelakshmi secured 29th rank in all India CSE 2018