തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് 13 പുതിയ പരീക്ഷാ-പഠനകേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനം.
സർവകലാശാലയുടെ കോഴിക്കോട്, വടകര, ചക്കിട്ടപ്പാറ, കണിയാമ്പറ്റ, സുൽത്താൻബത്തേരി, മഞ്ചേരി, മലപ്പുറം, കൊടുവായൂർ, വലപ്പാട്, നാട്ടിക എന്നിവിടങ്ങളിലെ സർവകലാശാലാ ബി.എഡ്. കേന്ദ്രങ്ങളും സർവകലാശാലാ വിദൂരവിഭാഗം ആസ്ഥാനം, സർവകലാശാലാ കാമ്പസ്, തൃശ്ശൂർ അരണാട്ടുകരയിലെ ജോൺമത്തായി സെന്റർ എന്നിവയാണ് സമ്പർക്ക ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുക. ഇതിൽ ബി.എഡ്. കേന്ദ്രങ്ങളും ജോൺമത്തായി സെന്ററും പരീക്ഷാ നടത്തിപ്പിനും പ്രയോജനപ്പെടുത്തും. ബിരുദ, പി.ജി. കോഴ്‌സുകൾക്കായി രണ്ട് ലക്ഷത്തിൽപരം വിദ്യാർഥികൾ കാലിക്കറ്റിന്റെ വിദൂരവിഭാഗത്തെ ആശ്രയിക്കുന്നുണ്ട്. എല്ലാവർക്കും പഠനക്കുറിപ്പുകളും ക്ലാസുകളും ലഭ്യമാക്കുന്നതിനും പരീക്ഷാ നടത്തിപ്പിനും സൗകര്യപ്രദമായ കേന്ദ്രങ്ങൾ ഒരുക്കാൻ സർവകലാശാലയ്ക്ക് കഴിയാറില്ല. നിലവിലുള്ള 11 കേന്ദ്രങ്ങൾക്കുപുറമെ പുതിയവകൂടി വരുമ്പോൾ വിദ്യാർഥികൾക്ക് ആശ്വാസമാകും.ഈ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ പരിശോധിച്ച് ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ സിൻഡിക്കേറ്റംഗങ്ങളായ ഡോ. വിജയരാഘവൻ, ഡോ. സി. അബ്ദുൾമജീദ്, വിദൂരവിഭാഗം ഡയറക്ടർ ഡോ. പി. ശിവദാസൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.