തിരുവനന്തപുരം: കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികകളില്‍ സ്ഥാനം നേടാനുള്ള പരീക്ഷാര്‍ഥികളുടെ 'അര്‍ഹതാ നില' (ക്വാളിഫയിങ് സ്റ്റാറ്റസ്) പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധപ്പെടുത്തി.

എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.

എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകളില്‍ പരീക്ഷാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ ഇതിനകം പ്രസിദ്ധപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in ല്‍ അവരുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നല്‍കി, ലോഗിന്‍ ചെയ്ത്, പ്രൊഫൈല്‍ പേജില്‍, അര്‍ഹതാ നില  ക്വാളിഫൈഡ്/ഡിസ്‌ക്വാളിഫൈഡ് കാണാം. രണ്ടിന്റെയും റാങ്ക് പട്ടികകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് കാറ്റഗറി പട്ടികകളും പ്രസിദ്ധപ്പെടുത്തും.

Content Highlights: The 'Qualifying Status' of engineering and pharmacy entrance test has been published