തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു. ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടപ്രകാരമാണിത്.

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, ആരോഗ്യ, മലയാളം, കുസാറ്റ്, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ മേയ് പത്തിനു ശേഷം പുനക്രമീകരിക്കും.

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) തിങ്കളാഴ്ച തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ബി.എഫ്.എസ്സി., ബി.ടെക്. ക്‌ളാസ്സുകള്‍ മേയ് രണ്ടുവരെ ഉണ്ടാവില്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.

സംസ്‌കൃത സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സാങ്കേതിക പരീക്ഷാ വിഭാഗം നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ്/ടെക്‌നോളജി/മാനേജ്‌മെന്റ്/കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (2015 സ്‌കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി.

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല 20 മുതല്‍ ഓഫ് ലൈനായി നടത്താനിരുന്ന ബിരുദബിരുദാനന്തര പരീക്ഷകള്‍ മാറ്റിവെച്ചു.

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഡോ. ശശി തരൂര്‍ എം.പി. ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

Content Highlights: The governor intervened and postponed the university exams