കൊല്ലം: പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളിൽ പരീക്ഷയ്ക്കുപകരമായി ആസൂത്രണം ചെയ്ത 'വർഷാന്ത വിലയിരുത്തൽ' കോവിഡിൽ കുരുങ്ങി. പുസ്തകരൂപത്തിൽ തയ്യാറാക്കിയ പഠനമികവുരേഖ നൽകി, കുട്ടികളിൽനിന്ന് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി അവ വിലയിരുത്തി ക്ലാസ് കയറ്റം നൽകാനുള്ള പരിപാടിയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിലച്ചത്. ഇതിനായി ലക്ഷങ്ങൾ മുടക്കി അച്ചടിച്ച പഠനമികവുരേഖ വേണ്ടവണ്ണം പ്രയോജനപ്പെട്ടതുമില്ല.

കോവിഡ് വ്യാപനമുണ്ടായതിനാൽ വർഷാന്ത വിലയിരുത്തൽ ഒൻപതാം ക്ലാസുകാർക്ക് മാത്രമായി ചുരുക്കി കഴിഞ്ഞമാസമവസാനം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഒന്നുമുതൽ നാലുവരെയും എട്ട്, ഒൻപത് ക്ലാസുകളിലെയും പഠനമികവുരേഖ അച്ചടിച്ച് സ്കൂളുകളിൽ എത്തിച്ചിരുന്നു. എന്നാൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ പഠനമികവ് രേഖയുടെ വിതരണംതന്നെ നടന്നില്ല. സ്കൂളുകളിലെത്തിച്ചവപോലും പൂർണമായി കുട്ടികളിലെത്തിക്കാനുമായില്ല.

പഠനമികവ് കാർഡുകൾ പലകൈമറിഞ്ഞ്, കുട്ടികളിൽ എത്തുന്നതും ഓരോ വിഷയത്തിലെയും അധ്യാപകർ പരസ്പരം കൈമാറി മൂല്യനിർണയം നടത്തുന്നതും കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആശങ്ക ആദ്യമേ ഉണ്ടായിരുന്നു. ക്ലാസിൽ വിളിച്ചുവരുത്തി പരീക്ഷ നടത്തുന്നതിനേക്കാൾ അപകടകരമാണ് ഈ രീതിയെന്ന വിമർശനവുമുണ്ടായി.

ഇതേത്തുടർന്ന് വർഷാന്ത വിലയിരുത്തൽ തത്‌കാലം വേണ്ടെന്നുെവച്ചെങ്കിലും ലോക്ഡൗൺ പിൻവലിക്കുന്നമുറയ്ക്ക് പഠനമികവുരേഖയുടെ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നിർദേശം.

Content Highlights: The annual assessment of public schools has stuck by Covid-19