തിരുവനന്തപുരം: വിദ്യാർഥികളുടെ വർഷാന്തവിലയിരുത്തലും ക്ലാസ് കയറ്റവും സംബന്ധിച്ച പഠന പുരോഗതിരേഖ തത്‌കാലം ഒമ്പതാം ക്ലാസുകാർക്ക് മാത്രമാക്കി ചുരുക്കി. വിലയിരുത്തൽ നടത്തി മേയ് 25-നകം ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കാനാണ് നിർദേശം. നേരത്തേ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളുടെ പഠന പുരോഗതിരേഖ തയ്യാറാക്കാനാണ് നിർദേശിച്ചിരുന്നത്. എട്ടുവരെയുള്ളവരുടെ വിലയിരുത്തൽ പിന്നീട് മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.

ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ നിർദേശത്തിനെതിരേ അധ്യാപകർ രംഗത്തുവന്നു. 25-നകം ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് അപ്രായോഗികമാണെന്നാണ് അവർ പറയുന്നത്.

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്കെല്ലാം ക്ലാസ് കയറ്റം നൽകുമെങ്കിലും പഠനപുരോഗതി രേഖപ്പെടുത്തി സ്കൂളുകളിൽ സൂക്ഷിക്കാനാണ് രേഖ തയ്യാറാക്കുന്നത്. പഠന പുരോഗതിരേഖ വിദ്യാർഥികൾക്ക് നൽകുകയും അവർ രേഖപ്പെടുത്തുന്നത് അധ്യാപകർ വിലയിരുത്താനുമാണ് നിർദേശം.

ഇതനുസരിച്ച് ബി.ആർ.സി.യിൽനിന്ന് എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള പഠനമികവ് രേഖ സ്കൂളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഒമ്പതാംക്ലാസിലെ കുട്ടികൾക്കുമാത്രം ഇത് വിതരണം ചെയ്താൽ മതിയെന്ന് പിന്നീട് നിർദേശിച്ചു.

പഠന മികവുരേഖ 300 പേജോളമുള്ള പുസ്തകരൂപത്തിലാണ്. ഒരുവിഷയത്തിന് 20 പഠനപ്രവർത്തനം വീതമാണുള്ളത്. അതിൽ മികച്ച അഞ്ചെണ്ണം പരിശോധിച്ചാണ് വിലയിരുത്തേണ്ടത്. എല്ലാവിഷയങ്ങളുടെയും പഠനപ്രവർത്തനങ്ങൾ ഒറ്റപുസ്തകത്തിലായതിനാൽ അധ്യാപകർ ഒന്നിച്ച് സ്കൂളിൽ എത്താതെ മൂല്യനിർണയം നടക്കില്ലെന്നാണ് പ്രഥാമാധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: The annual assessment is for the ninth class only; class promotion list should be published on May 25