നീതി ആയോഗിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ (എ.ഐ.എം) 2019 ല്‍ നടത്തിയ എ.ടി.എല്‍ ടിങ്കറിങ് മാരത്തണില്‍ വിജയികളായി തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍. ഇന്ത്യയില്‍ നിന്ന് അയ്യായിരത്തിലേറെ അടല്‍ ടിങ്കറിങ് ലാബുകള്‍ പങ്കെടുത്ത മത്സരത്തില്‍ വൃന്ദ ദേവ്, ആദിദേവ്.കെ, സ്‌നേഹ.കെ എന്നിവരടങ്ങുന്ന 'എ.വി ഇന്നൊവേറ്റര്‍സ്' എന്ന സംഘമാണ് ആദ്യ ഇരുപത് വിജയികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്. ചെന്നൈ അമൃത വിദ്യാലയവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രോജെക്ട് ഇന്ത്യന്‍ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കാം.
'റിസര്‍ച്ച്, ഐഡിയറ്റ്, ഇന്നൊവേറ്റ്, ഇംപ്ലിമെന്റ്- മൈന്‍ഡ്ഫുള്‍ ഇന്നൊവേഷന്‍ ഫോര്‍ ദി ഗ്രേറ്റര്‍ ഗുഡ്' എന്നതായിരുന്നു ഈ വര്‍ഷത്തെ മാരത്തണിന്റെ പ്രമേയം. 'സോണിക് പവര്‍ സേവര്‍' എന്ന പ്രോജക്ടാണ് 'എ.വി ഇന്നൊവേറ്റര്‍സിന്' പട്ടികയിലിടം നേടിക്കൊടുത്തത്. ക്ലാസ് മുറികള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സിറ്റികള്‍ എന്നിങ്ങനെ ചുറ്റുമുള്ള ശബ്ദ മലിനീകരണത്തെ (ശബ്ദതരംഗങ്ങളെ) വൈദ്യുതിയായി രൂപാന്തരപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയെന്നാണ് പ്രോജക്ട് ചര്‍ച്ച ചെയ്യുന്നത്.
പാഴാകുന്ന വൈദ്യുതിക്ക് ഒരു പരിഹാരമെന്ന നിലയിലാണ് ക്ലാസ് മുറികളിലും പൊതു സ്ഥലങ്ങളിലുമുണ്ടാകുന്ന ശബ്ദത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ഒരു ശബ്ദ സംവിധാനം വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്. ഗ്രീന്‍ ക്യാമ്പസ് എന്ന പ്രധാന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ഥികളുടെ പഠനം.
Content Highlights: Thalassery Amrita Vidyalaya became one among the top 20 schools in the country