തിരുവനന്തപുരം: ഏതെങ്കിലും ഒരു വിഷയത്തിലെ ബി.ടെക്. ബിരുദത്തോടൊപ്പം മറ്റൊരു വിഷയത്തില്‍ മൈനര്‍ ബിരുദവുംകൂടി നല്‍കുന്ന 'മൈനര്‍ ഇന്‍ എന്‍ജിനിയറിങ്' സാങ്കേതിക സര്‍വകലാശാല നടപ്പാക്കുന്നു.

വിദ്യാര്‍ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന എന്‍ജിനിയറിങ് ശാഖയില്‍ ബിരുദം ലഭിക്കുന്നതിനൊപ്പം മറ്റൊരു എന്‍ജിനിയറിങ് ശാഖയില്‍ മൈനര്‍ ബിരുദംകൂടി ലഭിക്കുന്നതാണ് ഈ സംവിധാനം.

മൈനര്‍ ബിരുദത്തിനായി ആ ശാഖയിലെ നാലു വിഷയങ്ങള്‍ പഠിക്കുകയും ഒരു പ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുകയും വേണം. സിവില്‍ എന്‍ജിനിയറിങ് പഠിക്കുന്ന വിദ്യാര്‍ഥി ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍നിന്ന് നാല് അധികവിഷയങ്ങളും ഒരു പ്രോജക്റ്റുംകൂടി പൂര്‍ത്തിയാക്കിയാല്‍ 'ബി.ടെക്. ഇന്‍ സിവില്‍ എന്‍ജിനിയറിങ് വിത്ത് മൈനര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍' എന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

മൂന്നാം സെമസ്റ്റര്‍ മുതലാണ് മൈനര്‍ ഇന്‍ എന്‍ജിനിയറിങ് ആരംഭിക്കുന്നത്. മെഷീന്‍ ലേണിങ്, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, അപ്ലൈഡ് മാത്തമാറ്റിക്സ്, റോബോട്ടിക്സ്, മെറ്റീരിയല്‍ സയന്‍സ്, സ്മാര്‍ട്ട് മാനുഫാക്ചറിങ് തുടങ്ങി 50-ലധികം പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്വന്തം പഠന മേഖലകള്‍ക്കുപരിയായി വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള നവീന ശാസ്ത്രവിഷയങ്ങള്‍ തിരഞ്ഞെടുക്കാനും പഠിക്കാനും അതുവഴി ആ മേഖലയില്‍ മൈനര്‍ ഡിഗ്രി കരസ്ഥമാക്കാനും കഴിയും.

Content Highlights: Technological University offers minor degree with engineering degree