തിരുവനന്തപുരം:  പരീക്ഷ തിയ്യതി പ്രഖ്യാപിച്ചതോടെ കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പരീക്ഷ എഴുതുന്നതിനായി എങ്ങനെ കേരളത്തില്‍ എത്താന്‍ സാധിക്കുമെന്നതിന്റെ ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. മാസങ്ങള്‍ക്ക് മുമ്പ് മറ്റ് സംസ്ഥാനങ്ങല്‍ലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും മടങ്ങിയവരാണ് പരീക്ഷാ വിജ്ഞാപനം വന്നതിന് പിന്നാലെ ആശങ്ക ഉന്നയിച്ചിരിക്കുന്നത്. 

കോവിഡ് കാരണം വീടുകളിലേക്ക് മടങ്ങിയ ഇവര്‍ പരീക്ഷയ്ക്ക് മുമ്പ് തിരിച്ചു വരാന്‍ കഴിയാത്ത അവസ്ഥയിലാണ്. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും പണച്ചെലവും വാക്സിനേഷന്‍ എടുക്കാത്തതുമാണ് തടസ്സമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ മറ്റു സെമസ്റ്ററുകളില്‍ ഇത് പ്രായോഗികമല്ലെന്നാണ് സര്‍വകലാശാല നിലപാട്.

കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കോവിഡും ലോക്ഡൗണും കാരണം ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ട് മാസങ്ങളായി. 

ഓണ്‍ലൈന്‍ പഠനം തുടരവെയാണ് ഓഫ് ലൈന്‍ പരീക്ഷയ്ക്കായി വിജ്ഞാപനം ഇറങ്ങിയത്. അടുത്ത മാസം ഒന്‍പതിന് പരീക്ഷകള്‍ തുടങ്ങും. പക്ഷെ കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ ഇവരുടെ മുന്നിലെ വലിയ തടസ്സമാണ്.

എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.  ഒരു വിദ്യാര്‍ത്ഥിയുടേയും അവസരം നിഷേധിക്കില്ലെന്നും പരിഹാര മാര്‍ഗം തേടുകയാണെന്നുമാണ് പരീക്ഷാ കണ്‍ട്രോളര്‍ പറയുന്നത്.

Content Highlights: Techinical university exams 2021