കോഴിക്കോട്: കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ കോഴ്സുകളുടെ നിർദേശ പട്ടികയിൽ ആശങ്കയറിയിച്ച് ഒരു കൂട്ടം ബോട്ടണി വിദ്യാർഥികളും അധ്യാപകരും. കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും നൂതന കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജുകൾക്ക് അപേക്ഷിക്കാനായി നൽകിയ കോഴ്സുകളുടെ പട്ടികയിൽ ബോട്ടണി കോഴ്സുകൾ ഒഴിവാക്കപ്പെട്ടതിലാണ് ആശങ്കയറിയിച്ചിരിക്കുന്നത്.

അംഗീകൃത സർവകലാശാലകളിലും കോളേജുകളിലും പുതുതലമുറ കോഴ്സുകൾ ആരംഭിക്കുമെന്നും പുതിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസിന്റെ നേതൃത്വത്തിൽ കേരള സർക്കാർ രൂപീകരിച്ച വിദഗ്ദസമിതി നിർദേശിച്ച ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പട്ടികയിൽ എം.എസ്സി. ബോട്ടണി ഉൾപ്പെട്ടിട്ടില്ല.

ഇത് ബോട്ടണിയെ തകർക്കാനുള്ള ഗൂഢ ശ്രമങ്ങളുടെ ഭാഗമാണ്. വേണ്ടത്ര പഠനങ്ങളില്ലാതെയാണ് ബോട്ടണിയെ ഒഴിവാക്കി ബയോളജി എന്ന പേരിൽ ഒട്ടും തൊഴിൽ സാധ്യതയില്ലാത്ത ബയോ ടെക്നോളജി പോലുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയത്. പുതിയ വിഷയങ്ങൾക്ക് അവസരം നൽകുമ്പോൾ സസ്യശാസ്ത്രം പോലുള്ള അടിസ്ഥാന ശാസ്ത്രപഠന ശാഖകളെ ഒഴിവാക്കിക്കൊണ്ടാവരുതെന്നും ഇവർ ആരോപിച്ചു.

ബോട്ടണിക്ക് പകരമായി പി.ജി കോഴ്സായി എം.എസ്സി. ബയോളജി വരുമ്പോൾ ബോട്ടണി എന്ന വിഷയത്തിന്റെ അടിസ്ഥാനപരമായ ക്ലാസിക്കൽ ബോട്ടണി, ബയോ ഡൈവേഴ്സിറ്റി, ടാക്സോണമി, എക്കോളജി മുതലായ പഠന ഗവേഷണ വിഷയങ്ങൾ ഇല്ലാതാവുമെന്നും ബോട്ടണി പഠിച്ചിറങ്ങിയവർക്ക് ഭാവിയിൽ തൊഴിലവസരം ഇല്ലാതാവുമെന്നുമുള്ള ആശങ്കയും ഇവർക്കിടയിൽ ഉയരുന്നുണ്ട്.

ബോട്ടണിയെ പ്രതിനിധീകരിച്ച് ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി എന്ന പേരിൽ ഒരു ബിരുദ കോഴ്സ് മാത്രമാണ് പുതിയ കോഴ്സുകളുടെ പട്ടികയിലുള്ളത്. ബോട്ടണിയെ ഒഴിവാക്കിയതിനൊപ്പം തന്നെ സുവോളജി പോലുള്ള കോഴ്സുകൾ ഈ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ കോഴ്സുകൾ തിരഞ്ഞൈടുക്കുന്നതിനായി നൽകിയ പുതിയ കോഴ്സുകളുടെ നിർദേശപ്പട്ടിക മാത്രമാണിതെന്നും ബോട്ടണിയെ ഒഴിവാക്കിയതല്ലെന്നും ബോട്ടണിയെ പോലെ തന്നെ മറ്റ് പല മുഖ്യധാരാ വിഷയങ്ങളും പട്ടികയിലില്ലെന്നുമുള്ള മറുവാദമുണ്ട്.

പക്ഷെ ഒരു സർക്കാർ തല സമിതിയിൽ നിന്നും പുതിയ കോഴ്സുകൾക്കുള്ള നിർദേശം വരുമ്പോൾ കോളേജുകൾ ആ പട്ടികയ്ക്കുള്ളിൽ തന്നെയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാവും. സ്വാഭാവികമായും പട്ടികയിലില്ലാത്ത ബോട്ടണി തഴയപ്പെടുമെന്നും ഒരു ബോട്ടണി അധ്യാപിക പറഞ്ഞു.

നിർദേശ പട്ടികയെന്ന നിലയിൽ പുറത്തുനിന്നുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും കേരള സർവകലാശാലയൊഴികെയുള്ള സർവകലാശാലകളും കോളേജുകളും ലിസ്റ്റിന് പുറത്ത് എം.എസ്സി. ബോട്ടണി തിരഞ്ഞെടുക്കാൻ തയ്യാറായിട്ടില്ല. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനെതിരെയല്ല. പുതിയ കോഴ്സുകൾക്കുള്ള പട്ടികയിൽ നിന്ന് ബോട്ടണിയെ തീർത്തും അവഗണിച്ചതിനെതിരെയാണ് പ്രതിഷേധമെന്നും അവർ പറഞ്ഞു.

പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല പുതിയ കോഴ്സുകളുടെ പട്ടിക തയ്യാറാക്കിയതെന്ന വിമർശനവും ഇതോടൊപ്പം ഉയരുന്നു. കഴിഞ്ഞ പത്തിരുപത് കൊല്ലമായി കേരളത്തിൽ നടന്ന പരീക്ഷണങ്ങളിൽ പുതുതലമുറ കോഴ്സുകൾ വൻ പരാജയമാണ്. ബയോ ടെക്നോളജി അതിന് ഒരു ഉദാഹരണമാണ്. അത് പഠിച്ച വിദ്യാർഥികൾക്ക് മുന്നോട്ട് പോവാൻ കഴിയാത്ത സാഹചര്യം ഇവിടെയുണ്ട്. അതിന്റെ വെളിച്ചത്തിൽ കോളേജുകൾ ആവശ്യപ്പെട്ടിരുന്നതെല്ലാം പരമ്പരാഗത കോഴ്സുകളാണ്. അതിനിടയിലാണ് ഇങ്ങനെ ഒരു പട്ടിക പുറത്തുവിടുന്നത്. യാതൊരുവിധ പഠനങ്ങളുടെയും ഭാഗമല്ല ഈ പട്ടികയെന്നും ചിലയാളുകളുടെ തോന്നലുകളുടെ ഭാഗമാണിതെന്നും കാലിക്കറ്റ് സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ (ആക്ട്) പ്രതിനിധി കൂടിയായ മറ്റൊരധ്യാപകൻ പറഞ്ഞു.

Content Highlights: teachers raising concerns regarding the negligence of botany in higher education