കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ വകുപ്പ് പുതിയ കോഴ്സുകൾ അനുവദിച്ചതിൽ എം.എസ്.സി ബോട്ടണിയെ തഴഞ്ഞതിൽ പ്രതിഷേധവുമായി ബോട്ടണി അധ്യാപകർ. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി നൂതന-ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഡിഗ്രി കോഴ്സായി എം.എസ്.സി ബയോളജി അവതരിപ്പിച്ചപ്പോൾ ബോട്ടണിയോ ബോട്ടണിയുമായി ബന്ധപ്പെട്ട പ്ലാന്റ് ഫിസിയോളജി, ടാക്സോണമി, സെല്ലുലാർ ആൻഡ് മോളിക്കുലർ ബയോളജി തുടങ്ങിയ അടിസ്ഥാന മേഖലകളോ സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.

സസ്യശാസ്ത്രത്തിൽ ബിരുദാനന്തര പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുന്നിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഈ വർഷം മുതൽ വാതിലടച്ചിരിക്കുകയാണെന്ന് അധ്യാപകർ പറയുന്നു. ലോകോത്തര സർവകലാശാലകൾ പ്ലാന്റ് സയൻസിനും, സസ്യസംബന്ധമായ ഗവേഷണത്തിനും ഏറെ പ്രാധാന്യം നല്കുമ്പോഴാണ് കേരളത്തിൽ സസ്യശാസ്ത്രപഠനം അകാലത്തിൽ അവസാനിപ്പിക്കപ്പെടുന്നത്.

ഇത് പക്ഷപാതപരമാണെും ഒരു വിഭാഗം വിദ്യാർഥികളുടെ തൊഴിൽ/ ഉപരിപഠന സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നും അധ്യാപകർ വ്യക്തമാക്കുന്നു. ആവശ്യമായ പഠനം നടത്താതെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു മുന്നിൽ ശുപാർശകൾ എത്തിയതെന്ന് സംശയമുണ്ട്. പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ, ബോട്ടണിയെ പ്രതിനിധീകരിക്കാൻ ആളില്ലാതിരുന്ന സമിതിയുടെ താത്‌പര്യങ്ങളാണോ പ്രവർത്തിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു.

Content Highlights: Teachers raising concerns regarding the exclusion of MSc Botany from newly introduced courses of Department of HE