നിലമ്പൂര്‍: ഒന്‍പതാംക്ലാസിലെ ഫിസിക്‌സ് പാഠപുസ്തകത്തെ ചെറുകഥാരൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് നിലമ്പൂര്‍ ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ സുരേഷ്. ഫിസിക്‌സ് പാഠപുസ്തകം കൂടുതലും പരീക്ഷണത്തിലൂടെ നിഗമനത്തില്‍ എത്തുന്ന രീതിയിലാണുള്ളത്. ക്ലാസിലെ കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥിനിക്ക് ഫിസിക്‌സ് പഠിക്കാന്‍ പ്രയാസംനേരിട്ടതിനാല്‍ ബദല്‍മാര്‍ഗം എന്ന നിലയിലാണ് ചെറുകഥയിലൂടെ നേരിട്ട് ഫിസിക്‌സ് ആശയത്തിലെത്തുന്ന പുതിയ രീതി ആവിഷ്‌കരിച്ചത്.
നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് കഥകള്‍. കാഴ്ചവൈകല്യം ഭാവനയ്ക്ക് തടസ്സമല്ല എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകം. ഫിസിക്‌സ് പ്രയാസമായി അനുഭവപ്പെടുന്ന ഏതുകുട്ടിക്കും ഈ പുസ്തകം പ്രയോജനപ്പെടുത്താം.
രക്ഷിതാവിന് പുസ്തകം വായിച്ചുനല്‍കാന്‍ പ്രയാസമുണ്ടെങ്കില്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്താല്‍ മൊബൈല്‍ഫോണില്‍ കഥകള്‍ ഓഡിയോ ആയി കേള്‍ക്കാം.
26 ചെറുകഥകളിലൂടെ ആര്‍ക്കമഡീസ് തത്ത്വവും ന്യൂട്ടന്റെ ചലന നിയമങ്ങളും വിവിധതരം ബലങ്ങളുമെല്ലാം കുട്ടിയുടെ മനസ്സിലേക്കെത്തുന്നു. ഈ കഥകളെല്ലാം അധ്യാപകന്റെ കുട്ടിക്കാലംമുതലുള്ള വിവിധ ജീവിതസന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒന്‍പതാംക്ലാസ് ഫിസിക്‌സിന്റെ ഒന്നാംടെക്സ്റ്റ് ബുക്കിന്റെ പ്രധാന ആശയങ്ങളെല്ലാം ഈ പുസ്തകത്തില്‍ കഥയായി ആവിഷ്‌കരിച്ചിരിക്കുകയാണ്.
ഭിന്നശേഷിദിനത്തില്‍ സമ്മാനമായാണ് ഈ പുസ്തകം കുട്ടിക്കു നല്‍കിയത്. സ്‌കൂള്‍പ്രഥമാധ്യാപകന്‍ അബ്ദുനാസര്‍, പ്രിന്‍സിപ്പല്‍ അനിത അബ്രഹാം എന്നിവര്‍ചേര്‍ന്ന് സ്‌കൂളില്‍വെച്ച് ഫിസിക്‌സ് ചെറുകഥകള്‍ എന്ന ഈ പുസ്തകം പ്രകാശനംചെയ്തു. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ചെയ്താല്‍ എം.പി.ത്രി. രൂപത്തില്‍ ഓരോ കഥയും കേള്‍ക്കാനാകും. സ്പര്‍ശിച്ചറിയാനായി ക്യൂ.ആര്‍. കോഡ് പുസ്തകത്തില്‍ ഉയര്‍ത്തിയാണ് പതിച്ചിട്ടുള്ളത്.
പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി ഗവണ്‍മെന്റില്‍നിന്ന് ലഭിക്കുന്ന മുറയ്ക്ക് പുസ്തകം എല്ലാ അന്ധവിദ്യാലയങ്ങളിലും സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.
Content Highlights: Teacher introduces Physics lessons in the form of short stories