ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്) ഒഴിവാക്കുന്നതിനുള്ള നിയമഭേദഗതി ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അവതരിപ്പിച്ച ബില്ലിനെ പ്രധാനപ്രതിപക്ഷവും എന്‍.ഡി.എ. സഖ്യകക്ഷിയുമായ എ.ഐ.എ.ഡി.എം.കെ.യും പിന്തുണച്ചു. ബി.ജെ.പി. മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ബില്ലവതരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. നീറ്റ് സ്‌കോറിന് പകരം മുമ്പുണ്ടായിരുന്നതുപോലെ പ്ലസ് ടു പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

നീറ്റ് ഒഴിവാക്കുമെന്നത് ഡി.എം.കെ.യുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. നീറ്റ് നിലവില്‍ വന്നതിനുശേഷമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ.കെ. രാജന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമഭേഗതി കൊണ്ടുവന്നത്. സാമൂഹിക നീതിയും തുല്യതയും ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടിയാണിതെന്ന് ബില്ലവതരിപ്പിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനം സാധ്യമാക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും നീറ്റ് ഒഴിവാക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് കഴിഞ്ഞദിവസം സേലത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഡി.എം.കെ. സര്‍ക്കാരിനാണെന്ന് ആരോപിച്ച് കറുത്ത ബാഡ്ജ് ധരിച്ച് എത്തിയ എ.ഐ.എ.ഡി.എം.കെ. അംഗങ്ങള്‍ ആദ്യം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചെങ്കിലും ബില്ലില്‍ ചര്‍ച്ച നടന്നപ്പോള്‍ തിരിച്ചെത്തുകയും പിന്തുണ അറിയിക്കുകയുമായിരുന്നു. മറ്റൊരു എന്‍.ഡി.എ. സഖ്യകക്ഷിയായ പി.എം.കെ.യും ബില്ലിനെ പിന്തുണച്ചു. കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ. തുടങ്ങിയ ഡി.എം.കെ. സഖ്യകക്ഷികളും ബില്ലിനെ പിന്തുണച്ചു.

നീറ്റ് നിലവില്‍ വന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികളില്‍ മെഡിക്കല്‍ പ്രവേശനം നേടുന്നവരുടെ എണ്ണം കുറഞ്ഞതായി ജസ്റ്റിസ് രാജന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. നീറ്റ് സി.ബി.എസ്.ഇ. സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായതും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന നിര്‍ധന കുടുംബങ്ങളില്‍നിന്നും ഗ്രാമപ്രദേശങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാഹചര്യമില്ലാത്തതുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തുന്നത്. ഇതിനുള്ള പരിഹാരമായിട്ടാണ് നീറ്റ് ഒഴിവാക്കാനുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ നടപടിയെടുത്തത്.