ചെന്നൈ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കോളേജ് വിദ്യാർഥികൾക്കുദിവസം രണ്ട് ജി.ബി. ഡേറ്റ സൗജന്യമായി ഉപയോഗിക്കാവുന്ന ഡേറ്റാ കാർഡ് നൽകുമെന്ന് തമിഴ്നാട് സർക്കാർ. ഈമാസം മുതൽ ഏപ്രിൽവരെയാണ് ഈ സൗജന്യം. സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്വാശ്രയ കോളേജുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നവർക്കുമുൾപ്പെടെ ആകെ 9.69 ലക്ഷം വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കോളേജുകൾ അടച്ചതോടെ ഓൺലൈനായി നടക്കുന്ന ക്ലാസുകളിൽ പ്രയാസങ്ങളില്ലാതെ വിദ്യാർഥികൾക്ക് പങ്കെടുക്കാനാണ് സർക്കാർ ഡേറ്റാ കാർഡ് നൽകുന്നത്. ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്, എൻജിനിയറിങ് കോളേജുകളിലെ വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിക്കും. സർക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് തമിഴ്നാട് ലിമിറ്റഡായിരിക്കും ഡേറ്റാ കാർഡുകൾ വിതരണം ചെയ്യുന്നത്.
നിർധനവിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നേരത്തേതന്നെ സൗജന്യ ലാപ്ടോപ്പുകൾ നൽകുന്നുണ്ട്. ഇന്റർനെറ്റിന് ഉയർന്നതുക ചെലവാകുന്നതിനാലാണ് ഇപ്പോൾ സൗജന്യ ഡേറ്റയും നൽകുന്നതെന്ന് സർക്കാർ പറയുന്നു. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോളേജ് വിദ്യാർഥികളുടെ വോട്ട് ആകർഷിക്കാനുള്ള എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ, അവസാനവർഷ വിദ്യാർഥികളൊഴികെ തോറ്റവരെയടക്കം കോളേജ് വിദ്യാർഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾക്കിടയിൽ ഏറെ വരവേൽപ്പ് ലഭിച്ചെങ്കിലും ഈ തീരുമാനത്തെ യു.ജി.സി.യടക്കം എതിർത്തിരുന്നു. വിഷയം ഇപ്പോൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Content Highlights: Tamilnadu Government to give free 2 GB data to students for online classes, Education