ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയില്‍ വിദ്യാര്‍ഥിപങ്കാളിത്തം ഉറപ്പാക്കാന്‍ കാമ്പസുകളില്‍ പ്രതിജ്ഞയെടുക്കലും ഒപ്പുശേഖരണവും സംഘടിപ്പിക്കുന്നു. കേന്ദ്ര നഗരവികസനമന്ത്രാലയവും യു.ജി.സിയും ചേര്‍ന്നാണ് പരിപാടി തയ്യാറാക്കിയത്. രാജ്യത്തെ എല്ലാ കോളേജ്-സര്‍വകലാശാലാ കാമ്പസുകളിലും സ്വച്ഛ്ഭാരത് പ്രതിജ്ഞയെടുക്കണം. 

പങ്കെടുത്ത വിദ്യാര്‍ഥികളുടെ ഒപ്പ് ശേഖരിച്ച്  സര്‍ക്കാറിന് അയയ്ക്കണം. പരിപാടിയുടെ വീഡിയോകള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം. വിദ്യാര്‍ഥികളുടെ ഒപ്പോടുകൂടിയ വിദ്യാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കണം.  നഗരവികസനമന്ത്രാലയം തയ്യാറാക്കിയ 'നാഷണല്‍ സ്റ്റുഡന്റ് എന്‍ഗേജ്മെന്റ് കാമ്പയിനി'ന്റെ ഭാഗമാണിത്. 

ആഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്നും സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുമെന്നുമാണ് പ്രതിജ്ഞ. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സ്വച്ഛതാ അംബാസഡര്‍ കമ്മിറ്റികള്‍(എസ്.എ.സി) ഉണ്ടാക്കണം. സ്ഥാപനത്തിലെ വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തുകയാണ് ഇവയുടെ ചുമതല.