ന്യൂഡല്‍ഹി: ജൂലായ് 23 നടക്കാനിരിക്കുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) മാറ്റിവെക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുന്നത് ഉചിതമാകില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് അധികാരികള്‍ ശ്രമിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. 

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് നിശ്ചയിച്ച ദിവസം തന്നെ പരീക്ഷ നടത്താനും സുപ്രീംകോടതി നിര്‍ദേശിച്ചു. മേയില്‍ നടത്താനിരുന്ന പരീക്ഷയാണ് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണിലേക്കും പിന്നീട് ജൂലായിലേക്ക് മാറ്റിയത്. 

ജൂലായ് 23 ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് നാലുവരെയാകും പരീക്ഷ. രാജ്യത്തെ 22 ദേശീയ നിയമ സര്‍വകലാശാലകളിലെ യു.ജി, പി.ജി പ്രവേശനത്തിനായുള്ള പരീക്ഷയാണിത്. 

Content Highlights: Supreme Court dismisses plea regarding CLAT postponement