ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി വിദ്യാര്‍ഥികളെ വിലയിരുത്താന്‍ ഫോര്‍മുല തയ്യാറാക്കിയ സി.ബി.എസ്.ഇ., ഐ.എസ്.സി. ബോര്‍ഡുകളുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. പരീക്ഷ റദ്ദാക്കിയതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ തീരുമാനം.

20 ലക്ഷം വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് ഉന്നതതലത്തില്‍ എടുത്ത തീരുമാനമാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റേതെങ്കിലും ബോര്‍ഡോ സ്ഥാപനങ്ങളോ പരീക്ഷനടത്തി എന്നത് സി.ബി.എസ്.ഇ., ഐ.എസ്.സി. ബോര്‍ഡുകളെ ബാധിക്കുന്ന കാര്യമല്ല. മേഖലയിലെ വിദഗ്ധരുടെ തീരുമാനത്തിലാണ് ഫോര്‍മുല ഉണ്ടാക്കിയതെന്നും അതില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

പരീക്ഷ റദ്ദാക്കുന്നതിനെതിരേ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അന്‍ഷുല്‍ ഗുപ്ത പറഞ്ഞ ന്യായീകരണങ്ങള്‍ സുപ്രീംകോടതി തള്ളി. ഐ.ഐ.ടി., എന്‍.ഡി.എ. തുടങ്ങിയ പരീക്ഷകള്‍ നടക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസുമാത്രം റദ്ദാക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ഗുപ്തയുടെ വാദം.

വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിന്റെ മുന്‍വര്‍ഷത്തെ പ്രകടനംകൂടി വിലയിരുത്തി മാര്‍ക്ക് നിശ്ചയിക്കുന്നത് ശരിയല്ലെന്ന യു.പി. പാരന്റ്‌സ് അസോസിയേഷന്റെ വാദവും സുപ്രീംകോടതി തള്ളി. മാര്‍ക്ക് പെരുപ്പിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാനാണ് സ്‌കൂളിന്റെ മുന്‍വര്‍ഷത്തെ പ്രകടനംകൂടി വിലയിരുത്തുന്നതെന്ന് സി.ബി.എസ്.ഇ. വ്യക്തമാക്കി.

Content Highlights: Supreme Court Cancellation of Examinations: CBSE, ISC The decision was upheld by the Supreme Court