മലപ്പുറം: വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് ഉച്ചഭക്ഷണം ലഭിക്കാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിന് ആനുപാതികമായി ഭക്ഷ്യക്കിറ്റുകള്‍. 2020 സെപ്റ്റംബര്‍ മുതല്‍ 21 മാര്‍ച്ച് വരെയുള്ള കാലയളവിലെ ഉച്ചഭക്ഷണത്തിന് പകരമായി ഭക്ഷ്യഭദ്രതാ അലവന്‍സ് കൂപ്പണുകള്‍ വിതരണംചെയ്ത് അതിലെ തുകയ്ക്ക് തുല്യമായ അളവില്‍ സപ്ലൈകോ വില്‍പ്പനശാലയില്‍നിന്ന് ഭക്ഷ്യക്കിറ്റുകള്‍ നല്‍കും.

2020 ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്യാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് സര്‍വൈവല്‍ ഭക്ഷ്യക്കിറ്റുകളുടെ തയ്യാറാക്കലും വിതരണവുമുള്ളതിനാല്‍ ഈ കിറ്റുകള്‍കൂടി തയ്യാറാക്കി വിദ്യാലയങ്ങളിലെത്തിച്ചുനല്‍കാനാവില്ലെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചതിനാല്‍ മുടങ്ങുകയായിരുന്നു.

കോവിഡ് പ്രതിസന്ധി ഒഴിയുംവരെയും കുട്ടികള്‍ക്ക് ഭക്ഷ്യഭദ്രതാ അലവന്‍സ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രവിഹിതവും സര്‍ക്കാര്‍ വിഹിതവും അനുവദിക്കുകയുംചെയ്തു. ഇത് വിതരണം ചെയ്യാനായാണ് സര്‍ക്കാര്‍ പുതുവഴി ആലോചിച്ചത്.

സ്‌കൂളുകളില്‍ വിതരണംചെയ്യുന്ന ഭക്ഷണത്തിന്റെ വിലയും പാചകത്തിന്റെ ചെലവും രേഖപ്പെടുത്തിയ കൂപ്പണുകള്‍ രക്ഷിതാക്കളുടെ താമസസ്ഥലത്തിനടുത്തുള്ള സപ്ലൈകോ വില്പനശാലയിലേല്‍പ്പിച്ച് വിതരണം നടത്താനാണ് തീരുമാനം. രക്ഷിതാക്കള്‍ക്ക് ഇവിടെയെത്തി അവര്‍ക്കുള്ള കൂപ്പണില്‍ രേഖപ്പെടുത്തിയ തുകയ്ക്കുള്ള ഭക്ഷ്യധാന്യം വാങ്ങാം.

പ്രീപ്രൈമറി, പ്രൈമറിക്കാര്‍ക്ക് പാചകച്ചെലവുള്‍പ്പെടെ 300 രൂപയ്ക്കും യു.പിക്കാര്‍ക്ക് 500 രൂപയ്ക്കുമുള്ള സാധനങ്ങള്‍ വാങ്ങാം.

Content Highlights: Supplyco coupons for school student, Midday meals, Covid locckdown