തിരുവനന്തപുരം: പരീക്ഷയിൽ പൂജ്യം മാർക്കിന് അർഹരായവർക്കും ബി.എ. പരീക്ഷ ജയിക്കാൻ കേരള സർവകലാശാലയിൽ അവസരം. ബി.എ. രണ്ടാം സെമസ്റ്റർ ധനതത്വശാസ്ത്രം പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന അധ്യാപകർക്കാണ് സർവകലാശാല ഈ നിർദേശം നൽകിയത്. 80 മാർക്കിന്റെ ചോദ്യങ്ങളിൽ 26 മാർക്കിനുള്ള ചോദ്യങ്ങൾ ഭാഗികമായി സിലബസിനു പുറത്തുള്ളതായിരുന്നു. ഇതുമൂലം എല്ലാവർക്കും 26 മാർക്ക് നൽകാനാണ് നിർദേശം.

മുൻകാലങ്ങളിൽ സിലബസിനു പുറത്തുള്ള ചോദ്യങ്ങളുടെ മാർക്ക് മറ്റു ചോദ്യങ്ങൾക്കായി വീതിച്ചു നൽകുന്നതായിരുന്നു പതിവ്. ഇതിനു വിരുദ്ധമായാണ് സർവകലാശാലയുടെ പുതിയ തീരുമാനം. 20 മാർക്കിന്റെ ഇന്റേണൽ മാർക്കിൽ കുറഞ്ഞത് 10 മാർക്കിനു മുകളിൽ എല്ലാവർക്കും ലഭിക്കാറുണ്ട്. ഫലത്തിൽ പൂജ്യം മാർക്കിനു മാത്രം യോഗ്യരായ വിദ്യാർഥികൾക്ക് എഴുത്തുപരീക്ഷയുടെ 26 മാർക്കിനോടൊപ്പം ഇന്റേണൽ മാർക്കുകൂടി കണക്കാക്കുമ്പോൾ ഇക്കണോമിക്‌സിന്റെ ഈ പേപ്പർ പാസ്സാകാനാകും.

Content Highlights: Students who scored nothing also might get a chance to pass BA paper in Kerala University