ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ മേയില്‍ ആരംഭിക്കുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമായി.

എഴുത്തുപരീക്ഷ മാറ്റിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്നാണ് ആവശ്യം. ഇത്തവണ കടലാസും പേനയും ഉപയോഗിച്ചുള്ള പരീക്ഷയായിരിക്കുമെന്ന് രണ്ടു പരീക്ഷാ ബോര്‍ഡുകളും നേരത്തേ വ്യക്തമാക്കിയിരുന്നു.

പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ട്വിറ്റര്‍ പ്രചാരണം തുടങ്ങിയത് വിദ്യാര്‍ഥികള്‍ തന്നെയാണ്. ഒരുലക്ഷത്തിലധികം പേര്‍ ഇതിനകം ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. കഴിഞ്ഞകൊല്ലം കുറച്ചു കോവിഡ് കേസുകള്‍ ഉള്ളപ്പോഴാണ് പരീക്ഷ മാറ്റിവെച്ചതെന്നും ഇപ്പോള്‍ രോഗവ്യാപനം വളരെ കൂടുതലായിട്ടും പരീക്ഷ നടത്തുന്നത് അപകടമാണെന്നുമാണ് ഒരുകൂട്ടം വിദ്യാര്‍ഥികളുടെ വാദം.

എന്നാല്‍, എല്ലാ സുരക്ഷാ മുന്‍കരുതലുകളും മാര്‍ഗരേഖയും പാലിച്ചാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സി.ബി.എസ്.ഇ.യും കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനും(സി.ഐ.എസ്.സി.ഇ.) വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കുവേണ്ട മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് സി.ബി.എസ്.ഇ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Students want board exams to be cancelled, no need for worry says officials