കോഴിക്കോട്: സി.ബി.എസ്.ഇ. പ്ലസ്ടു ഫിസിക്‌സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ കഠിനമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍. വിശകലനാത്മക ചോദ്യങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും നിലവിലെ ചോദ്യരീതിയില്‍ നിന്ന് വ്യത്യാസമാണെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

പല ചോദ്യങ്ങളും അപ്രതീക്ഷിതമായിരുന്നു. ഉത്തരം കണ്ടെത്താന്‍ പ്രയാസമാണ്. നേരിട്ട് ഉത്തരം നല്‍കാനുള്ള ചോദ്യങ്ങള്‍ കുറവായിരുന്നു. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും സാധാരണയില്‍നിന്ന് വ്യത്യസ്തമായി കടുപ്പം കൂടുതലായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

നേരത്തെ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യപ്പേപ്പറുകളില്‍ കൂടുതല്‍ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷയില്‍ പാസാകുമെങ്കിലും ഉയര്‍ന്ന മാര്‍ക്ക് നേടുകയെന്നത് എളുപ്പമല്ലെന്നും വിദ്യാര്‍ഥികള്‍ ആശങ്കപ്പെടുന്നു.

അതേസമയം ചോദ്യങ്ങളെല്ലാം എന്‍.സി.ഇ.ആര്‍.ടി. സിലബസ് അടിസ്ഥാനമാക്കിയാണെന്ന് അധ്യാപകര്‍ പ്രതികരിച്ചു. പല ചോദ്യങ്ങളും ബുദ്ധിമുട്ടുള്ളതാണെങ്കിലും പാഠഭാഗത്തുനിന്നും നേരിട്ടുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളില്‍ ചിലത് അപ്രതീക്ഷിതമായതിനാല്‍ ഉത്തരം കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നും അധ്യാപകര്‍ പ്രതികരിച്ചു.

Content Highlights: Students found CBSE Plus Two Physics paper difficult than expected