മൂവാറ്റപുഴ: സഹപാഠികള്‍ക്കുള്ള തുണി മാസ്‌കുകള്‍ വീട്ടിലിരുന്ന് തയ്യാറാക്കി മാതൃകയാകുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം, ജൂനിയര്‍ റെഡ്ക്രോസ്, വിവിധ ക്ലബ്ബ് വിദ്യാര്‍ഥികള്‍. മാസ്‌ക് നിര്‍മാണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു മുന്നോട്ടുവച്ച ചലഞ്ച് ഏറ്റെടുത്താണ് ഈ വിദ്യാര്‍ഥികള്‍ മാസ്‌ക് നിര്‍മിക്കുന്നത്.  

ഇനി നടക്കാനിരിക്കുന്ന എസ്.എല്‍.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ സ്വന്തം സ്‌കൂളില്‍ പൊതു പരീക്ഷയെഴുതുന്ന സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമാണ് ആദ്യഘട്ടമെന്ന നിലയില്‍ മാസ്‌ക് നിര്‍മിക്കുന്നത്.  അടുത്തുള്ള മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും മാറാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള മാസ്‌കുകള്‍കൂടി നിര്‍മിക്കുന്ന ശ്രമത്തിലാണിവര്‍. 

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മാസ്‌ക് നിര്‍മാണം. പ്രത്യേകിച്ച് ഫണ്ടില്ലാത്തതിനാല്‍ സന്നദ്ധസേവനം എന്ന നിലയിലാണ് ഇവ നിര്‍മിക്കുന്നത്. തയ്യല്‍മെഷീന്‍ ഉള്ള വിദ്യാര്‍ഥികളാണ് മാസ്‌ക് തയ്ക്കുന്നത്. ബാക്കിയുള്ളവര്‍ തുണികള്‍ വെട്ടിയൊരുക്കുകയും കെട്ടാനുള്ള ചരട് തയ്യാറാക്കുകയും ചെയ്യും.  കോട്ടണ്‍ തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്താനും സഹായത്തിനും പി.ടി.എ. കൂടെയുണ്ട്. അധ്യാപകര്‍ ഫോണിലൂടെ മാസ്‌ക് നിര്‍മാണത്തിനുള്ള രീതികളും മറ്റു നിര്‍ദേശങ്ങളും നല്‍കും.  

കേരള ലക്ഷദീപ് റീജണല്‍ ഡയറക്ടര്‍ സജിത് ബാബു, വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. രഞ്ജിത്ത്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിപുല്‍ മുരളി, പി.എ.സി. മെമ്പര്‍ ഐഷ ഇസ്മായില്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദിഖി, പ്രിന്‍സിപ്പല്‍ റോണി മാത്യു, ഹെഡ്മാസ്റ്റര്‍ കെ. സജികുമാര്‍, പി.ടി.എ. പ്രസിഡന്റ്് പി.ടി. അനില്‍കുമാര്‍, മദര്‍ പി.ടി.എ. ചെയര്‍പേഴ്സണ്‍ സിനിജ സനല്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ടി.വി. അവിരാച്ചന്‍, ജെ.ആര്‍.സി. ടീച്ചര്‍ ഗിരിജ എം.പി. തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ തുണി മാസ്‌കുകളാണ് വൊളന്റിയര്‍മാര്‍ തയ്യാറാക്കുന്നത്.

Content Highlights: Students are making masks to fight against covid-19, lockdown, corona outbreak