മമ്പാട് :കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ വിദ്യാലയങ്ങളില്‍ ശിശുസൗഹൃദാന്തരീക്ഷം കാര്യക്ഷമമാക്കണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ നിര്‍ദേശം.

2013-ലെ ശിശുദിനത്തില്‍ ഇറക്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് പുതിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ബാലാവകാശ കമ്മിഷന്‍ കഴിഞ്ഞ ജൂലായില്‍ നല്‍കിയ നോട്ടീസിനെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.

മുഹമ്മദ് ഷാനവാസ് എന്നയാള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്മിഷന്‍ നോട്ടീസ് നല്‍കിയത്.

നിര്‍ദേശങ്ങള്‍ എല്ലാ വിദ്യാലയങ്ങളും പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിച്ചുറപ്പാക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിര്‍ദേശങ്ങള്‍

അധ്യാപക -രക്ഷാകര്‍ത്തൃ സമിതിയും സ്‌കൂള്‍ മാനേജ്മെന്റ് സമിതിയും കാര്യക്ഷമമാക്കണം.

കൗണ്‍സലിങ് സൗകര്യങ്ങള്‍ ഒരുക്കണം.

പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം.

ചൈല്‍ഡ് ലൈന്‍, ജാഗ്രതാസമിതികള്‍, മഹിളാസമഖ്യ, സൗഹാര്‍ദസംഘങ്ങള്‍ എന്നിവയുടെ ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പരുകള്‍ കുട്ടികള്‍ക്ക് എളുപ്പം കിട്ടുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം.

സ്റ്റുഡന്റ് പോലീസ് കാഡറ്റ്, സ്‌കൗട്ട്, എന്‍.സി.സി. തുടങ്ങിയവയും ഊര്‍ജിതപ്പെടുത്തണം.

പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലത്തില്‍ പി.ടി.എ.യുടെയും മാനേജ്മെന്റ്മെന്റ് സമിതിയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍മേധാവി വിലയിരുത്തണം.

ഓരോരുത്തര്‍ക്കും ചുമതലകള്‍ നിശ്ചയിച്ച് എല്ലാ സംവിധാനങ്ങളും കാര്യക്ഷമമാക്കണം.

Content Highlights: student friendly atmoshpere should be created in schools