ന്യൂഡൽഹി: രാജ്യമൊട്ടുക്കും കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മേയ് നാലിന് തുടങ്ങാനിരിക്കുന്ന സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ മാറ്റിവെക്കുന്നതിനെക്കുറിച്ചുള്ള ആലോചന സജീവമായി. പരീക്ഷാകേന്ദ്രങ്ങളിൽവെച്ചുള്ള എഴുത്തുപരീക്ഷ ഈ ഘട്ടത്തിൽ ഒഴിവാക്കണമെന്ന നിർദേശമാണ് ഉന്നതതലത്തിൽ പരിഗണിക്കുന്നത്.

ഡൽഹിയുൾപ്പെടെ ഏതാനും സർക്കാരുകൾ ബോർഡ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഔദ്യോഗികമായിത്തന്നെ സി.ബി.എസ്.ഇ.യോട് അഭ്യർഥിച്ചു. മഹാരാഷ്ട്ര-യു.പി. സംസ്ഥാന ബോർഡുകൾ അവരുടെ എഴുത്തുപരീക്ഷ മാറ്റിവെച്ചു.

എഴുത്തുപരീക്ഷ ഒഴിവാക്കി ഓൺലൈൻ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. വിദ്യാഭ്യാസമന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും സി.ബി.എസ്.ഇ.യുമായി കൂടിയോലോചിക്കുകയും ചെയ്യുന്നുണ്ട്. മേയിൽ പരീക്ഷ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇക്കുറി കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ തുറക്കാനും കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മേയ് നാലാകാൻ ഇനിയും സമയമുള്ളതിനാൽ അപ്പോഴത്തെ കോവിഡ് സ്ഥിതിഗതികൾ കണക്കിലെടുത്ത്് പിന്നീടുമാത്രമേ പരീക്ഷ മാറ്റിവെക്കുന്ന കാര്യം തീരുമാനിക്കൂ.

സാധാരണ ഫെബ്രുവരി-മാർച്ചിൽ നടത്തുന്ന പരീക്ഷയാണ് ഇക്കുറി മേയിലേക്ക് മാറ്റിയത്. കഴിഞ്ഞ മാർച്ചുമുതൽ ക്ലാസുകളെല്ലാം ഓൺലൈനാണ്. ചില സംസ്ഥാനങ്ങളിൽ ഉയർന്ന ക്ലാസുകാർക്കുമാത്രമായി സ്കൂളുകൾ തുറന്നിരുന്നെങ്കിലും കോവിഡിന്റെ രണ്ടാംതരംഗത്തോടെ അവയും അടച്ചു.

Content Highlights: States are demanding to postpone CBSE exam, Covid-19