തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കും. കഴിഞ്ഞദിവസം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുനൽകിയ അപേക്ഷയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

17-ന് പരീക്ഷകൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഹാൾടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. ഗൾഫിലെ സംസ്ഥാന സിലബസ് സ്കൂളുകളിൽ ജൂൺ, ജൂലായ് അവധിയായതിനാൽ സാധാരണ മേയിൽ പതിനൊന്നാം ക്ലാസ് അധ്യയനം തുടങ്ങാറുണ്ട്. ഇതും അനിശ്ചിതത്വത്തിലായി. തീരുമാനം വരാൻ വൈകുന്നതോടെ വിദ്യാർഥികൾ ആശങ്കയിലായി.

അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾ നേരത്തെത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ നൽകിയത്.

Content Highlights: State Election commission to take decision on postponing SSLC, plus two exams